ന്യൂദല്‍ഹി: രണ്ടു മാസത്തോളം നീണ്ട അജ്ഞാതവാസത്തിനുശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജ്യത്ത് തിരിച്ചെത്തി. ഇന്നലെ രാവിലെ 11.15ന് ബാങ്കോക്കില്‍ നിന്നുള്ള തായ് എയര്‍വേയ്‌സ് വിമാനത്തില്‍ ദല്‍ഹിയിലിറങ്ങിയ രാഹുല്‍ തുഗ്ലക് ലൈനിലെ പന്ത്രണ്ടാം നമ്പര്‍ വസതിയിലേക്ക് പോയി.
കോണ്‍ഗ്രസ് അധ്യക്ഷയും അമ്മയുമായ സോണിയാ ഗാന്ധിയും സഹോദരി പ്രിയങ്ക യും ചേര്‍ന്ന് രാഹുലിനെ സ്വീകരിച്ചു. തുടര്‍ന്ന് പത്താം നമ്പര്‍ ജന്‍പഥിലെ സോണിയയുടെ വീട്ടിലെത്തി തന്റെ പ്രിയപ്പെട്ട നായക്കുട്ടികളെ തിരികെവാങ്ങി. ജാക് റസെല്‍ ടെറിയര്‍ എന്ന ബ്രിട്ടീഷ് ഇനത്തില്‍പ്പെട്ട രണ്ടു നായകളാണ് രാഹുലിനുള്ളത്. ഇവയെ സോണിയയുടെ വീട്ടില്‍ നോക്കാനേല്‍പ്പിച്ചാണ് രാഹുല്‍ രാജ്യംവിട്ടത്.
നായ്‌ക്കളെ തിരികെവാങ്ങിയശേഷം മാത്രമേ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ രാഹുല്‍ തയ്യാറായുള്ളു. മ്യാന്‍മറിലെ യാങ്കൂണിലായിരുന്നു രാഹുല്‍ ഗാന്ധിയെന്ന വിവരങ്ങളാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ യോഗാകേന്ദ്രത്തില്‍ വിപാസന ധ്യാന പരിശീലനത്തിലായിരുന്നു രാഹുലെന്നും വാര്‍ത്തകളുണ്ടായിരുന്നു. യൂറോപ്പ്, ഭൂട്ടാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ എവിടെയോ ആണ് രാഹുലെന്നും വാര്‍ത്തകള്‍ പരന്നിരുന്നു.
















