432. സര്‍വശക്തി സമന്വിതാ – എല്ലാ ശക്തികളോടും കൂടി ചേര്‍ന്നവള്‍. എല്ലാ ശക്തിദേവിമാരും ലളിതാദേവിയോടൊപ്പം ഭണ്ഡനെ നേരിടാന്‍ പുറപ്പെട്ടു. ശക്തിദേവിമാര്‍ ദേവിയുടെതന്നെ വിഭൂതികളാണ്. ഭണ്ഡന്‍ ശിവന്റെ പ്രഭാവംകൊണ്ടു ജനിച്ചവനാകയാലും ശിവപ്രസാദംകൊണ്ടു കഴിവുകള്‍ നേടിയവനാകയാലും ദേവിക്ക് ഭണ്ഡനെ വധിക്കാന്‍ സര്‍വശക്തികളും ഉപയോഗിക്കേണ്ടിവന്നു.
433. ഗീതിചക്രരഥാരൂഢ മന്ത്രിനാഥാപുരസ്‌കൃതാ – ഗീതി ചക്രം എന്ന രഥത്തില്‍ ആരൂഢയായ മന്ത്രിനാഥയാല്‍ മുന്നിടപ്പെട്ടവള്‍. സംഗീതയോഗിനി എന്നു പ്രസിദ്ധമായ ശ്യാമളാദേവിയാണു ലളിതാദേവിയുടെ മന്ത്രിനാഥ. ലളിതാദേവിയുടെ ശക്തിസാമ്രാജ്യത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ശ്യാമളാദേവിയുടെ നിയന്ത്രണത്തിലാണ്. മഹാദേവിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാനും നടപ്പിലാക്കാതിരിക്കാന്‍ മറ്റൊരു തരത്തിലാക്കാനും ശ്യാമളാദേവിക്കു കഴിയും. ”കര്‍ത്തും അകര്‍ത്തും അന്യഥാകര്‍ത്തും ശക്താ” എന്നാണ് ലളിതാദേവിയുടെ അപദാനങ്ങള്‍ വിവരിക്കുന്ന ലളിതോപാഖ്യാനം പറയുന്നത്. ശ്യാമളാദേവി കലാദേവതയാണ്. യുദ്ധവും യുദ്ധോപകരണങ്ങളായ ആയുധങ്ങളുമെല്ലാം കലാഭംഗിയുള്ളവയാണ്. സൗന്ദര്യത്തിന്റെ സ്ത്രീരൂപം എന്നു കവികള്‍ വര്‍ണ്ണിക്കുന്ന ശ്യാമളാദേവിയുടെ രഥം ഉരുളുമ്പോള്‍ അതിന്റെ ചക്രങ്ങളുടെ ഭ്രമണത്തില്‍നിന്നുണ്ടാകുന്നതു സംഗീതമാണ്. ഗേയചക്രരഥമെന്നും ഗീതിചക്രരഥമെന്നും ദേവിയുടെ രഥത്തിനു പേര്. ശ്യാമളാദേവിയും പരിവാരങ്ങളും യുദ്ധഭൂമിയിലേക്കു പോകുന്ന ശബ്ദം ഒരു പാട്ടുകച്ചേരിപോലെ ശ്രവണമധുരമാണ്. ലളിതാദേവിയെ പിന്നിലാക്കിയാണ് ശ്യാമളാദേവിയുടെ രഥം യുദ്ധഭൂമിയിലെത്തുന്നത്.
… തുടരും
















