ന്യൂദല്‍ഹി: ലൈംഗിക പീഡന ആരോപണ വിധേയനായ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജി എസ്.കെ. ഗാംഗലെയുടെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കായി ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരി മൂന്നംഗ ജുഡിഷ്യല്‍ പാനലിന് രൂപം നല്‍കി. ഗ്വാളിയാറിലെ മുന്‍ അഡീഷ്ണല്‍ ജില്ലാ ജഡ്ജിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി.
2014 ജൂലൈയിലാണ് സംഭവം പുറത്ത് വരുന്നത്. ഇതിനെതുടര്‍ന്ന് ഇവരെ സ്ഥലംമാറ്റുകയായിരുന്നു. തുടര്‍ന്ന് രാജിവെച്ച വനിതാ ജഡ്ജി രാഷ്‌ട്രപതിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനും മധ്യപ്രദേശ് ചീഫ് ജസ്റ്റീസിനും ഗാംഗലെക്കെതിരെ പരാതി നല്‍കി.
ജില്ലാജഡ്ജിമാരുടെ ചുമതല വഹിച്ചിരുന്ന ഗാംഗലെ വനിതാ ജഡ്ജിയോട് താന്‍ താമസിക്കുന്ന ബംഗ്ലാവില്‍ ഒറ്റക്ക് വരാന്‍ ആവശ്യപ്പെടുകയും ഐറ്റം ഡാന്‍സ് കളിക്കുവാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്തതിനാല്‍ ഇവരെ സ്ഥലം മാറ്റുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
ഗാംഗലെക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് 50 രാജ്യസഭാ എംപിമാര്‍ ഉപരാഷ്‌ട്രപതിക്ക് പരാതി സമര്‍പ്പിച്ചിരുന്നു.
















