ന്യൂദല്‍ഹി: യോഗേന്ദ്രയാദവിനെതിരെ നടപടി സ്വീകരിക്കാനായി രൂപീകരിച്ച എഎപി അച്ചടക്ക സമിതിക്കെതിരെ പ്രശാന്ത് ഭൂഷണ്‍. അച്ചടക്ക സമിതിയുടെ രൂപീകരണം നിയമവിരുദ്ധമാണെന്ന് പ്രശാന്ത് ഭൂഷണ്‍ ആരോപിച്ചു.
യോഗേന്ദ്രയാദവ്, ഭൂഷണ്‍, അജിത് ഝാ, അനന്ത്കുമാര്‍ എന്നീ വിമത നേതാക്കള്‍ക്കെതിരായ നടപടി അച്ചടക്ക സമിതി പരിഗണിക്കുമെന്ന എഎപി നേതൃത്വത്തിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് ഭൂഷണ്‍ രംഗത്തെത്തിയത്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ്‌ട്രീയ കാര്യസമിതിയാണ് വിമതര്‍ക്കെതിരായ നടപടികള്‍ അച്ചടക്ക സമിതിക്ക് വിട്ടത്. ഗുഡ്ഗാവില്‍ സ്വരാജ് സംവാദമെന്ന പേരില്‍ നടത്തിയ സമ്മേളനത്തെ തുടര്‍ന്നാണ് നടപടി.
എന്നാല്‍ ആശിഷ് കേതന്റെയും പങ്കജ് ഗുപ്തയുടേയും നേതൃത്വത്തിലുള്ള അച്ചടക്ക സമിതിക്കെതിരെ രംഗത്തെത്തിയ ഭൂഷണ്‍, ഇരുവരും നേരത്തെ തന്നെ തനിക്കും യോഗേന്ദ്രയാദവിനുമെതിരായ പരസ്യ പ്രതികരണം നടത്തിയ നേതാക്കളാണെന്ന് കുറ്റപ്പെടുത്തി.
പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ യോഗേന്ദ്രയാദവിനെയും പ്രശാന്ത് ഭൂഷണെയും എഎപിയടെ ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്നും മാര്‍ച്ച് 28ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം യാദവ് വിഭാഗം വിളിച്ചു ചേര്‍ത്ത വിമത വിഭാഗം പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ 4000ത്തോളം എഎപി വോളണ്ടിയര്‍മാര്‍ പങ്കെടുത്തിരുന്നു.
കെജ്രിവാളിന്റെ നേതൃത്വത്തെ ചോദ്യം ചെയ്തു സംഘടിപ്പിച്ച സമ്മേളനത്തില്‍ എഎപി കേജ്‌രിവാളിന്റെ മാത്രം സ്വത്തല്ലെന്നും വിമതര്‍ ഓര്‍മ്മിപ്പിച്ചു. പാര്‍ട്ടിയെ പിളര്‍ക്കാനില്ലെന്നും പാര്‍ട്ടിയെ തെറ്റുകള്‍ ചൂണ്ടിക്കാട്ടിയത് തിരുത്താന്‍ കെജ്രിവാള്‍ തയ്യാറാവുകയാണ് വേണ്ടെതെന്നും യാദവും ഭൂഷണും പറയുന്നു.
സ്വരാജ് അഭിയാന്‍ എന്ന പ്രസ്ഥാനം രൂപീകരിച്ച് അനന്ത്കുമാറിനെ ദേശീയ കണ്‍വീനറായി പ്രഖ്യാപിച്ച് വിമത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും. അതിനാല്‍ തന്നെ ഇരുവരെയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നതിനായാണ് അച്ചടക്ക സമിതി രൂപീകരിച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.
















