പനാമ സിറ്റി: കമ്മ്യൂണിസ്റ്റ് രാജ്യമായ ക്യൂബയും ലോകമുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയും തമ്മില്‍ സഖ്യമായി. അങ്ങനെ കമ്മ്യൂണിസ്റ്റുകളും, ചിരവൈരികളെന്ന് അവര്‍ മുദ്രകുത്തുന്ന മുതലാളിത്തവും തമ്മില്‍ ചങ്ങാത്തം രൂപപ്പെട്ടു. പുതിയ ബാന്ധവത്തിന്റെ സൂചകമായി ഇന്നലെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ക്യൂബന്‍ പ്രസിഡന്റ്‌റൗള്‍ കാസ്‌ട്രോയും ഹസ്തദാനം ചെയ്തു. അരനൂറ്റാണ്ടിനിടെ ഈ രാഷ്‌ട്രത്തലവന്മാര്‍ കൂടിക്കാണുന്നത് ഇതാദ്യം.
ക്യൂബയെയും മറ്റു കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും തകര്‍ക്കാനും നശിപ്പിക്കാനും അമേരിക്കയും അവരുടെ ചാരസംഘടനയായ സിഐഎയും കാലങ്ങളായി ശ്രമിക്കുകയാണെന്ന് നിരന്തരം ആരോപിച്ചിരുന്നവരാണ് ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിഡല്‍ കാസ്‌ട്രോയും അദ്ദേഹത്തിന്റെ സഹോദരനും ഇപ്പോഴത്തെ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോയും. അത്തരം ആരോപണങ്ങളെല്ലാം വിഴുങ്ങിയാണ് ക്യൂബയിപ്പോള്‍ അമേരിക്കയുടെ കാല്‍ക്കീഴില്‍ എത്തിയിരിക്കുന്നത്.
പനാമ സിറ്റിയില്‍ നടക്കുന്ന അമേരിക്കന്‍ ഉച്ചകോടിയിലാണ് ഒബാമയും റൗള്‍ കാസ്‌ട്രോയും കൂടിക്കണ്ടതും കൈകൊടുത്തതും. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയായിരുന്നു. മുമ്പ് ഈ ഉച്ചകോടിയിലേക്ക് ക്യൂബയെ ക്ഷണിക്കാറുണ്ടായിരുന്നില്ല. ഇക്കുറി അമേരിക്ക പ്രത്യേക താല്പ്പര്യമെടുത്ത് ക്യൂബയെ ഉള്‍പ്പെടുത്തി. ഇതിന്റെ ഭാഗമായി അവര്‍ ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് കഴിഞ്ഞദിവസം നീക്കിയിരുന്നു.
ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനനുസരിച്ച് വാഷിംഗ്ടണിലും ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലും വൈകാതെ ഇരുരാജ്യങ്ങളിലും എംബസികള്‍ തുറക്കും. ഇതാകും നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നതിനുള്ള ആദ്യ നടപടികള്‍.
ഒബാമയും റൗളും ഇന്നലെ പലകുറി ഹസ്തദാനം നടത്തിയതിനു പുറമേ ചെറുചര്‍ച്ചകളുമുണ്ടായി. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍, ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് എന്നിവര്‍ ഇതിന് സാക്ഷ്യം വഹിച്ചു. കൂടിക്കാഴ്ച അനൗദ്യോഗികമായിരുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ക്യൂബയുമായുള്ള ബന്ധത്തില്‍ പുതിയ അധ്യായം തുറക്കുകയാണ്. ഇത് ക്യൂബന്‍ ജനതയുടെ ജീവിതത്തില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ, സമ്മേളനത്തില്‍ ഒബാമ പറഞ്ഞു.
ബുധനാഴ്ച റൗള്‍ കാസ്‌ട്രോയുമായി ഒബാമ ഫോണില്‍ സംസാരിച്ചിരുന്നു. വ്യാഴാഴ്ച വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് യുഎസ് വിദേശകാര്യസെക്രട്ടറി ജോണ്‍ കെറിയുമായി ചര്‍ച്ച നടത്തി. 1961ല്‍ ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം മുറിച്ചശേഷം ഇതാദ്യമായാണ് ചര്‍ച്ചകള്‍ നടത്തുന്നത്.
















