തങ്ങളുടെ കുട്ടികളെ വളര്‍ത്തിയെടുക്കുന്നതിനു മൃഗങ്ങളും പക്ഷികള്‍പോലും വളരെ ക്ലേശങ്ങള്‍ അനുഭവിക്കുന്നു. എന്നാല്‍ മനുഷ്യനാവട്ടെ ഈ പ്രാഥമിക കര്‍ത്തവ്യങ്ങള്‍ പലപ്പോഴും വിസ്മരിച്ച് പോകുന്നതായി കാണുന്നു.
ഇളം കുഞ്ഞുങ്ങള്‍ക്ക് ചിറക് മുളച്ച് കഴിഞ്ഞാല്‍ തള്ളപ്പക്ഷിക്ക് അവയോട് മമതയറ്റുപോകും. എന്നാല്‍ അഹോ! മനുഷ്യനാകട്ടെ ആയിരമായിരം ബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കും.
ഉദേ്യാഗത്തില്‍നിന്നു വിരമിച്ചശേഷം ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥനയും സാധനയും സത്സംഗവും തുടങ്ങാമെന്നു ചിലര്‍ പറയും. കഠിനമായി മായയില്‍ അപ്പോഴേക്കും മറ്റൊരു പുതിയജോലി തേടി നടക്കുകയായി. തിരമാലകള്‍ അടങ്ങിക്കാണാന്‍ കാത്തുനില്‍ക്കുന്നവര്‍ക്ക് കടലില്‍ കുളിക്കാന്‍ കഴിഞ്ഞെന്ന് വരില്ല.
മായയെ കുറിച്ചുള്ള പരാമര്‍ശം അമ്മയെ പെട്ടെന്നു പൗരാണിക കഥയിലേക്ക് നയിച്ചു. ഗുരുമാതാവ് തുടര്‍ന്നു:ശരീരം വെടിയാനുള്ള പുണ്യമുഹൂര്‍ത്തം പ്രതീക്ഷിച്ചുകൊണ്ട് പിതാമഹനായ ഭീഷ്മര്‍ ശരശയ്യയില്‍ കഴിയുകയാണ്. ശ്രീകൃഷ്ണഭഗവാനും പാണ്ഡവന്മാരും അരികില്‍ നില്‍ക്കുന്നു. പാണ്ഡവന്മാരെ ഉറ്റുനോക്കിക്കൊണ്ട് ഭീഷ്മര്‍ കണ്ണീര്‍ ചൊരിഞ്ഞ് തുടങ്ങി. അര്‍ജുനന്‍ കുഴങ്ങി. അദ്ദേഹം ആലോചിച്ചു. ഭീഷ്മരെപോലുള്ള മഹാനുഭാവന്‍ എങ്ങനെയാണ് വികാരങ്ങള്‍ക്ക് കീഴടങ്ങി മരണഭീരുവായിത്തീരുക!
അര്‍ജുനന്‍ തന്റെ സംശയം ശ്രീകൃഷ്ണഭഗവാനാരാഞ്ഞു. ആ സംശയം ഭീഷ്മാചാര്യരോട്തന്നെ ചോദിക്കാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനോട് പറഞ്ഞു.സവ്യസാചിയുടെ പ്രസക്തമായ ചോദ്യംകേട്ട് ഭീഷ്മര്‍ പ്രശാന്തചിത്തനായി ഇങ്ങനെ പറഞ്ഞു.
നിങ്ങളിലെല്ലാം സ്‌നേഹം വര്‍ഷിച്ച് എല്ലാ പ്രതിസന്ധികളിലും മാര്‍ഗനിര്‍ദ്ദേശം നല്‍കിയും സംരക്ഷിച്ചും ശ്രീകൃഷ്ണപരമാത്മാവ് ഇവിടെയുണ്ടല്ലോ? എന്നിട്ടും നിങ്ങള്‍ സത്യം പലപ്പോഴും വിസ്മരിച്ച്‌പോകുന്നു. ഇപ്പോഴും ആ ജ്ഞാനം നിങ്ങളില്‍ ഉദിച്ചില്ലല്ലോ ഇതാണ് എന്നെ ദുഃഖിപ്പിക്കുന്നത്.
മഹാനുഭാവനായ ഭീഷ്മാചാര്യരെ അര്‍ജുനന്‍ നമസ്‌കരിച്ചു. ഈശ്വരനാമത്തിന്റെ മഹനീയതയെക്കുറിച്ച് അമ്മ അപ്പോള്‍ മറ്റൊരു കഥ പറഞ്ഞു.
ശ്രീ രമാദേവി
















