424. ശ്രീമത് സിംഹാസനേശ്വരീ – ശ്രീമത്തായ സിംഹാസനത്തിന് ഈശ്വരിയായവള്‍. സിംഹാസനം ഭരണാധികാരിയായ രാജാവിന്റെയോ രാജ്ഞിയുടെയോ ഇരിപ്പിടമാണ്. സിംഹാസങ്ങള്‍ താങ്ങുന്ന രീതിയില്‍ നിര്‍മ്മിച്ചിട്ടുള്ള ഇരിപ്പിടമാകയാല്‍ സിംഹാസനം എന്നപേര്.
ഭരണാധികാരത്തിന്റെ പ്രതീകമായ സിംഹാസനത്തിന് ശ്രീമത് എന്ന വിശേഷണംകൂടി ചേര്‍ത്താണ് നാമത്തില്‍ പ്രയോഗിച്ചിരിക്കുന്നത്. രാജാക്കന്മാര്‍ ചെറിയ ഭൂഭാഗങ്ങളുടെ ഭരണാധിപരാണ്. ഈ നാമത്തില്‍ ശ്രീമത് എന്ന വിശേഷണം കൂടാതെ ‘ഈശാരീ’ എന്ന് ഒരു പദം കൂടിയുണ്ട്. ഈശ്വരശബ്ദം സര്‍വാധിപത്വത്തെ കുറിക്കുന്നു. ദേശകാലപരിമിതികളില്ലാതെ സര്‍വപ്രപഞ്ചത്തിനും സര്‍വാധിപതിയാകയാല്‍ ശ്രീമത് സിംഹാസനേശ്വരിയായി മൂകാംബികാദേവി കീര്‍ത്തിക്കപ്പെടുന്നു.
സിംഹമാകുന്ന ശ്രേഷ്ഠാസനത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരി എന്നും ഈ നാമത്തെ വ്യാഖ്യാനിക്കാം. സിംഹത്തില്‍ ആരൂഢയായാണു ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്തത്. ഹിമവാന്‍ ദേവിക്കു വാഹനമായി സിംഹത്തെ കൊടുത്തു എന്ന് ദേവീമാഹാത്മ്യത്തില്‍ പറയുന്നു.
സിംഹം ഹിംസയെ കുറിക്കുന്ന പദമാണ്. ദേവിയുടെ സൃഷ്ടി സ്ഥിതിസംഹാരലീലകളില്‍ സംഹാരത്തെ സിംഹശബ്ദം കുറിക്കുന്നുവെന്ന് അഭിപ്രായമുണ്ട്. താന്‍ സൃഷ്ടിച്ച എല്ലാത്തിനേയും തന്നില്‍ ലയിപ്പിക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
… തുടരും
















