ശരീരം എടുത്താല്‍ സുഖവും ദുഃഖവും കൂടെയുണ്ടാവും. അതു ജീവിതത്തിന്റെ സ്വഭാവമാണ്. കര്‍മ്മങ്ങള്‍ക്കനുസരിച്ച് അതു മാറിയും മറിഞ്ഞുമിരിക്കും. വെള്ളത്തിന്റെ സ്വഭാവമാണ് തണുപ്പ്. തീയുടെ സ്വഭാവമാണ് ചൂട്. നദിയുടെ സ്വഭാവമാണ് ഒഴുക്ക്. അത് ഒഴുകിക്കൊണ്ടേയിരിക്കുന്നു.
ഒരിടത്തും സ്ഥിരമായി നില്‍ക്കുന്നില്ല. അതുപോലെ ജീവിതത്തിന്റെ സ്വഭാവമാണ് സുഖവും ദുഃഖവും എന്നു മനസ്സിലാക്കിയാല്‍ അവ അനുഭവിക്കേണ്ടിവരുമ്പോള്‍ സന്തോഷത്തോടെ സ്വീകരിക്കാം. അങ്ങനെയുള്ളവര്‍ക്ക് ഈ ലോകത്തില്‍നിന്നുണ്ടാകുന്ന പ്രതിബന്ധങ്ങള്‍ ഒന്നും ബാധകമല്ല. അപ്പോള്‍ അവര്‍ക്കാനന്ദമാണ്. ഇതുന്നെ മോക്ഷം.
ഒരു കുളത്തിന്റെ സമീപത്തുള്ള സത്രത്തില്‍ രണ്ടു യാത്രക്കാര്‍ രാത്രി കഴിച്ചു കൂട്ടാനെത്തി. മാക്രിയുടെയും ചീവിടിന്റെയും ശബ്ദംമൂലം ഒരു യാത്രക്കാരന് അവിടുത്തെ താമസം അസഹനീയമായി തോന്നി. ഇവയുടെ ശബ്ദം അയാള്‍ക്കൊട്ടും സഹിക്കാന്‍ കഴിഞ്ഞില്ല. ഇതു കണ്ട കൂടെയുള്ള ആള്‍ പറഞ്ഞു, ”
രാത്രിയായാല്‍ ചീവിടും മാക്രിയും മറ്റും കരഞ്ഞു തുടങ്ങും. അതവയുടെ സ്വഭാവമാണ്. ആ സംസ്‌കാരത്തെ മാറ്റാന്‍ നമ്മളെക്കൊണ്ടു സാധിക്കില്ല. പിന്നെ എന്തിനതു ശ്രദ്ധിക്കണം. നമുക്കു കിടക്കാം”. ഇതു പറഞ്ഞ് അയാള്‍ കിടന്നു. പക്ഷേ, മറ്റെയാള്‍ക്കു ഉറങ്ങാന്‍ കഴിഞ്ഞില്ല.
എനിക്കു ശബ്ദം കേട്ടാല്‍ ഉറക്കം വരില്ല എന്നുപറഞ്ഞ് അയാള്‍ വേറെ സ്ഥലമനേ്വഷിച്ചു യാത്രയായി. അയാള്‍ക്ക് ഒരിടത്തും ശരിയായി ഉറങ്ങാന്‍ കഴിഞ്ഞില്ല.
എന്തെങ്കിലും ശബ്ദം ശല്യം ചെയ്യാനുണ്ടാകും. എന്നാല്‍ ചീവിടിന്റെയും മാക്രിയുടെയും സ്വഭാവമാണു ശബ്ദമുണ്ടാക്കുന്നതെന്നു മനസ്സിലാക്കി അതവഗണിക്കാന്‍ തയ്യാറായ ആളിന് ഉറക്കത്തിനൊരു ബുദ്ധിമുട്ടുമുണ്ടായില്ല. ഇതുപോലെ മറ്റുള്ളവരെന്തു പറയുമ്പോഴും അതവരുടെ സ്വഭാവമാണെന്നു മനസ്സിലാക്കുമ്പോഴും നമുക്കു ദുഃഖിക്കേണ്ടി വരത്തില്ല.
ഈ ഒരു സംസ്‌കാരം വളര്‍ത്തിയെടുത്താന്‍ ഏതു പ്രതിബന്ധത്തിലും നമുക്കു സന്തോഷത്തോടെ നീങ്ങുവാന്‍ കഴിയും.
















