ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരനായ ലഷ്‌ക്കര്‍ ഇ തോയിബ ഭീകരന്‍ സക്കീയൂര്‍ റഹ്മാന്‍ ലഖ്‌വിയെ ലാഹോര്‍ ഹൈക്കോടതി മോചിപ്പിച്ചു. ലഖ്‍വിയെ നിയമവിരുദ്ധമായാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് കോടതി പറഞ്ഞു. ഭാരതത്തിന്റെ ശക്തമായ പ്രതിഷേധം നിലനില്‍ക്കെയാണ് ഭീകരനെ മോചിപ്പിച്ചിരിക്കുന്നത്.
മുംബൈ ആക്രമണക്കേസില്‍ 2009 ലാണു ലഖ്‌വി അറസ്റ്റിലായത്. പിന്നീടു മതിയായ തെളിവുകളില്ലെന്ന കാരണത്താല്‍ ലഖ്‌വി ഉള്‍പ്പെടെ ആറു പ്രതികള്‍ക്കു ഭീകരവിരുദ്ധകോടതി ജാമ്യം അനുവദിച്ചിരുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ ജാമ്യം കിട്ടിയ ലഖ്‌വിയെ ഭാരതത്തിന്റെയും അമേരിക്കയുടെയും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് മെയിന്റനന്‍സ് ഓഫ് പബ്‌ളിക് ഓര്‍ഡര്‍(എംപിഒ) ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നും ജയിലില്‍ അടച്ചു.
എന്നാല്‍, ഇസ്ലാമാബാദ് ഹൈക്കോടതി പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും പത്തുലക്ഷം രൂപ ജാമ്യത്തില്‍ ലഖ്‌വിയെ വിട്ടയയ്‌ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍ ഭാരതം അടക്കമുള്ള രാജ്യങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്നു ലഖ്‌വിയെ പുറത്തിറങ്ങാന്‍ അനുവദിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണു ലാഹോര്‍ ഹൈക്കോടതിയുടെ പുതിയ ഉത്തരവ്.
ലഖ്‍വിയെ ഇന്ന് തന്നെ പുറത്തിറക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു 2008 നംവബര്‍ 26ന് നടന്ന ആക്രണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. കടല്‍മാര്‍ഗം മുംബൈയിലെത്തി ആക്രമണം നടത്തിയ പത്തംഗ ലഷ്‌കര്‍ സംഘത്തിന് ലഖ്‌വിയാണ് പരിശീലനം നല്‍കിയത്. ലഖ്‌വിക്ക് സംഭവം ആസൂത്രണം ചെയ്തതില്‍ മുഖ്യപങ്കുണ്ടെന്ന് പാക്കിസ്ഥാന്‍ അന്വേഷണസംഘം തന്നെ സമ്മതിച്ചിരുന്നു.
ലഖ്‌വി ഉള്‍പ്പടെ ആക്രമണം ആസൂത്രണം ചെയ്യുകയും നടത്താനുള്ള സൗകര്യമൊരുക്കുകയും ചെയ്തവരെ വിട്ടുതരണമെന്ന ഭാരതത്തിന്റെ ആവശ്യം പാക്കിസ്ഥാന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
















