ന്യൂദല്‍ഹി: അമേരിക്കക്കാരിയായ യോഗ ടീച്ചറുടെ ഗര്‍ഭാശയത്തില്‍ നിന്ന് 15 കിലോയോളം ഭാരമുള്ള മുഴ ഓപ്പറേഷനിലൂടെ നീക്കി. ഋഷികേശില്‍ താമസമുറപ്പിച്ച ആനി കത്രീന്‍ ഓറോയുടെ വയറ്റില്‍ നിന്ന്, അഞ്ചു മണിക്കൂര്‍ നീണ്ട അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് മുഴ നീക്കിയത്. ആനിക്ക് 50 വയസുണ്ട്.
രാജീവ് ഗാന്ധി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിലായിരുന്നു ശസ്ത്രക്രിയ. മുഴയുടെ വലിപ്പം കാരണം അത് ആന്തരാവയവങ്ങളെ ഞെക്കിഞെരുക്കുന്ന അവസ്ഥയിലായിരുന്നു. അതിനാല്‍ ശസ്ത്രക്രിയ വെല്ലുവിളിയായിരുന്നു. സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം തലവന്‍ ഡോ. സുധീര്‍ കുമാര്‍ കുല്‍ക്കര്‍ണി പറഞ്ഞു. ഓപ്പറേഷന്‍ കഴിഞ്ഞതോടെ അവരുടെ ഭാരം 85 കിലോയില്‍ നിന്ന് 70 കിലോയായി കുറഞ്ഞു.
മുഴയുടെ സമ്മര്‍ദ്ദം കാരണം രക്തയോട്ടം കുറഞ്ഞ് ചോര കട്ടപിടിക്കാന്‍ തുടങ്ങി. രക്തക്കുഴലില്‍ ചോര കട്ടിയായി അവര്‍ ഹൃദ്രോഗത്തിലേക്ക് നീങ്ങുകയായിരുന്നു. അഞ്ചു വര്‍ഷമായി മുഴ വളരുകയായിരുന്നു. ക്ഷീണവും തളര്‍ച്ചയും കടുത്ത വയറുവേദനയുമായാണ് അവര്‍ ഡോക്ടറെ കാണാനെത്തിയത്.
















