ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴയ്‌ക്കടുത്തുള്ള എസ്എന്‍ ജങ്ഷനില്‍ നിന്നും കഞ്ഞിപ്പാടത്തേക്കും കട്ടക്കുഴിക്കുമുള്ള ഏഴ് കിലോമീറ്റര്‍ ദൂരം റോഡ് തകര്‍ന്ന് പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാതായി. കുണ്ടും കുഴികളും നിറഞ്ഞ റോഡില്‍ക്കൂടി കാല്‍നട യാത്രയും ദുരിതപൂര്‍ണമാണ്. കുട്ടനാടന്‍ പ്രദേശത്തെ ഒരു വലിയവിഭാഗം ജനങ്ങളുടെ ആശുപത്രി, ഉദ്യോഗം, മക്കളുടെ വിദ്യാഭ്യാസം, വ്യാപാരം തുടങ്ങിയ എല്ലാ ആവശ്യങ്ങളും ദേശീയപാതയെയും പട്ടണങ്ങളെയും ബന്ധിപ്പിക്കുന്നത് ഏഴു കിലോമീറ്റര്‍ നീളം വരുന്ന റോഡാണ്.
സ്വകാര്യ ബസുകള്‍ മാത്രമാണ് ഇപ്പോള്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്. ബസുകള്‍ക്ക് കൂടുതല്‍ തേയ്‌മാനവും പ്ലേറ്റ് മുതലായ വാഹനത്തിന്റെ പ്രധാന ഭാഗങ്ങള്‍ ഒടിഞ്ഞും നഷ്ടം സംഭവിക്കുന്നത് നിത്യസംഭവമാണെന്ന് ബസ് ഉടമകള്‍ പരാതിപ്പെടുന്നു. റോഡ് സഞ്ചാര സൗകര്യമാക്കിയില്ലെങ്കില്‍ സര്‍വീസ് നിര്‍ത്തിവച്ച് സമരം നടത്തുന്നതിനും ആലോചിക്കുന്നതായി കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി.ജെ. കുര്യന്‍, സെക്രട്ടറി എസ്. നവാസ്, എസ്.എം. നാസര്‍, നവാസ് പാറയില്‍ എന്നിവര്‍ പറഞ്ഞു.
















