തകഴി: പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥ, ബിജെപി പ്രതിനിധീകരിക്കുന്ന വാര്‍ഡുകളില്‍ കുടിവെള്ള വിതരണം മുടങ്ങി. പ്രതിഷേധിച്ച നാട്ടുകാര്‍ പടഹാരത്ത് പമ്പ് ഹൗസ് ഉപരോധിച്ച ശേഷം മുറി താഴിട്ടു പൂട്ടി. തകഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ പടഹാരം പമ്പ് ഹൗസില്‍ മാര്‍ച്ച് 31ന് രാവിലെയായിരുന്നു സംഭവം.
എട്ടുമാസമായി പ്രദേശത്ത് കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. മൂന്ന്, അഞ്ച്, 13 വാര്‍ഡുകളിലെ നാട്ടുകാരാണ് പമ്പ് ഹൗസ് ഉപരോധിച്ചത്. ഇതില്‍ അഞ്ച്, 13 വാര്‍ഡുകള്‍ ബിജെപി പ്രതിനിധീകരിക്കുന്നതിനാല്‍ ഭരണസമിതി പൂര്‍ണമായും അവഗണിക്കുകയായിരുന്നു. പഞ്ചായത്ത് ഭരണം നടത്തുന്ന കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയപ്രേരിതമായി കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. ഏതാനും മാസം മുമ്പ് ഇതേ വാര്ഡുകാര് പഞ്ചായത്ത് പ്രസിഡന്റിന്റെ വീട് ഉപരോധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഒരുമാസത്തിനുള്ളില്‍ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാക്കുമെന്ന് പ്രസിഡന്റ് രാധാകൃഷ്ണപിള്ള ഉറപ്പു നല്‍കിയെങ്കിലും നാലു മാസമായിട്ടും പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
ദിവസങ്ങള്‍ മുമ്പ് പടഹാരം ബസ് റൂട്ട് ഉദ്ഘാടനത്തിനെത്തിയ കൊടിക്കുന്നില്‍ സുരേഷ് എംപിയും കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാന്‍ ആറു ലക്ഷം രൂപ അനുവദിച്ചുവെന്ന് പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിച്ചിരുന്നു. ഇന്നലെ കുടിവെള്ള ക്ഷാമം അറിയിക്കുവാന്‍ നാട്ടുകാര്‍ പ്രസിഡന്റിനെ കണ്ടിരുന്നുവെങ്കിലും മഴക്കാലമാകുമ്പോള്‍ തുണി ഉപയോഗിച്ച് വെള്ളം ശേഖരിക്കല്‍ മാത്രമാണ് കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്ന് പ്രസിഡന്റ് പറഞ്ഞത് വ്യാപക പ്രതിഷേധത്തിനിടയാക്കി.
പമ്പ് ഹൗസില്‍ ശുദ്ധജലം പമ്പ് ചെയ്യാന്‍ സ്ഥാപിച്ചിരുന്ന 25 കുതിര ശക്തിയുള്ള മോട്ടോര്‍ മാറ്റി 12 എച്ച്പിയുടെ മോട്ടോര്‍ സ്ഥാപിച്ചതാണ് പ്രധാന പ്രശ്നം. ഇതിനെതിരെ റോഡ് ഉപരോധം അടക്കമുള്ള സമരപരിപാടികള്‍ നടത്താന്‍ നാട്ടുകാര്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: