മനുഷ്യജീവിതം ദിവ്യത്വത്തിലേക്കുള്ള ഒരു തീര്‍ത്ഥ യാത്രയാണ്. എല്ലാ ദുഃഖങ്ങളും നാശവും വളര്‍ച്ചയുടെ മുന്നോടിയാണ്. അതറിയാതെ തളര്‍ന്നു നില്‍ക്കുന്ന നമ്മെ മുന്നോട്ട് നയിക്കാന്‍ പ്രപഞ്ചമഹാബോധം അനുയോജ്യമായ ഉപാധികളിലൂടെ ഇടയ്‌ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ദുഃഖിതരെ ആശ്വസിപ്പിച്ച് മാര്‍ഗദര്‍ശനം നല്‍കുന്ന മഹത്പുരുഷന്‍മാര്‍ അതിനുദാഹരണങ്ങളാണ്. അവരുടെ ജീവിതം ജീവോദ്ധാരണത്തിനായി ഉഴിഞ്ഞുവെയ്‌ക്കപ്പെട്ടിരിക്കുന്നു. അത്തരത്തിലൊരു ദിവ്യപ്രതിഭാസമാണ് തഥാതന്‍. ഇന്ന് അദ്ദേഹത്തെ കേന്ദ്രമാക്കി മനുഷ്യജീവിതത്തിന്റെ ശ്രേഷ്ഠത ഊന്നിപ്പറയുന്ന നവീനമായ ഒരു പ്രായോഗിക തത്വശാസ്ത്രവും ഒരു പ്രസ്ഥാനവും വളര്‍ന്നുവരികയാണ്.
പല സന്ദര്‍ഭങ്ങളിലായി തന്നെ സമീപിക്കുന്നവരുടെ ആശങ്കകള്‍ ഇല്ലാതാക്കാനും അവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനുമായി അദ്ദേഹത്തില്‍നിന്നുതീര്‍ന്ന അരുള്‍മൊഴികളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. ഈ വാക്കുകളില്‍നിന്ന് സ്വന്തം ജീവിതത്തിലെ ധര്‍മരഹസ്യം ചികഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും കഴിയും. കാരണം ബുദ്ധിയുടെ തലങ്ങളല്ല ഈ വാക്കുകളുടെ ഉറവിടം. പ്രപഞ്ചമഹാശക്തിയുടെ കാരുണ്യമാണ് ഇവയിലൂടെ ഒഴുകുന്നത്. ബുദ്ധിയുടെയും അറിവിന്റെയും മറകളില്ലാതെ അവ നിങ്ങളിലേക്ക് പ്രവേശിക്കുമാറാകട്ടെ.
















