സകല സമ്പ്രദായങ്ങളുടെയും സാമുദായികമോ രാഷ്‌ട്രീയമോ ഏതിന്റെയും അടിസ്ഥാനം മനുഷ്യരുടെ നന്മയെ ആശ്രയിച്ചാണിരിക്കുന്നത്. പാര്‍ലമെന്റ് ഒരു നിയമം നിര്‍മ്മിക്കുന്നതുകൊണ്ട് ഒരു ജനതയും വലുതോ നല്ലതോ ആകുന്നില്ല. നേരെമറിച്ച് അതിലെ ആളുകള്‍ വലിയവരും നല്ലവരുമായിരിക്കുമ്പോഴാണ് വലുതും നല്ലതുമാകുന്നത്. സകല ജനതകളിലുംവെച്ച് അത്യാശ്ചര്യകരമായ സംഘടന ചൈനയ്‌ക്കുണ്ട്. ഞാനവിടം സന്ദര്‍ശിച്ചിട്ടുണ്ട്. എന്നിട്ടും ചൈന ഇന്ന് അസംഘടിതമായ ഒരാള്‍ക്കൂട്ടംപോലെയാണ്. കാരണം പണ്ടുകാലത്തു കണ്ടുപിടിച്ച ഏര്‍പ്പാടു കൊണ്ടുനടക്കാന്‍ അവിടുത്തുകാര്‍ പോന്നവരല്ല. മതം കാര്യത്തിന്റെ വേരിലേക്കു ചെല്ലുന്നു. അതു ശരിയെങ്കില്‍ എല്ലാം ശരി.
















