സിംഗപ്പുര്‍സിറ്റി: ആധുനിക സിംഗപ്പുരിന്റെ പിതാവെന്നറിയപ്പെടുന്ന ലീ ക്വാന്‍ യൂവിന് ആയിരങ്ങളുടെ യാത്രാമൊഴി.
കനത്ത മഴയെ വകവയ്‌ക്കാതെ നിരവധി ആളുകളാണ് തങ്ങളുടെ പ്രിയ നേതാവിന്റെ അന്തിമ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനായി എത്തിയത്.
നാലരലക്ഷത്തോളം ജനങ്ങള്‍ പാര്‍ലമെന്റ് ഹൗസിലേക്ക് അദ്ദേഹത്തെ അവസാനമായി കാണാന്‍ എത്തിയിരുന്നു. അവിടെ നിന്നും പ്രത്യേക വാഹനത്തിലാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കാരം നടക്കുന്ന കള്‍ച്ചറല്‍ സെന്ററിലേക്ക് എത്തിച്ചത്. മഴയില്‍ നിന്നും രക്ഷനേടാനായി ലീയുടെ മൃതദേഹം കണ്ണാടിപ്പെട്ടിയിലാക്കിയിരുന്നു. ‘ലീ ക്വാന്‍ യൂ’ എന്ന് ഒരേ ശബ്ദത്തില്‍ വിളിച്ചു കൊണ്ട് ജനങ്ങള്‍ ആദരസൂചകമായി രാജ്യത്തിന്റെ ദേശീയ പതാക വീശി. സൈന്യം ആകാശത്തേക്ക് 21 റൗണ്ട് വെടിവച്ചു. തുടര്‍ന്ന് ഒരു മിനിറ്റ് മൗനം ആചരിച്ചു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. യു.എസില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിച്ചത് മുന്‍ പ്രസിഡന്റായ ബില്‍ ക്ലിന്റണായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമുന്നതനായ നേതാവാണ് ലീയെന്ന് പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ അവസാനമാണ് അദ്ദേഹത്തിന്റെ നിര്യാണം അടയാളപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ലീ ക്വാന്‍ യുവിന്റെ അന്ത്യം.
















