383. ചന്ദ്രമണ്ഡലമധ്യസ്ഥാ:- വിഷ്ണുഗ്രന്ഥിക്കുമുകളില്‍ വിശുദ്ധി, ആജ്ഞാ എന്നീ ചക്രങ്ങള്‍ ഉള്ള ഭാഗത്തെ ചന്ദ്രമണ്ഡലം എന്നുപറയുന്നു. അമൃതകിരണനായി മംഗളമൂര്‍ത്തിയായ ശിവന്‍ കുടികൊള്ളുന്ന ചന്ദ്രമണ്ഡലത്തില്‍ വിഷയചോദനകളില്ല. തീവ്രമായ സൂര്യതേജസ്സുമില്ല. ശാന്തവും ചൈതന്യവത്തും ശീതളവുമായ സോമന്റെ ആഹ്ലാദപ്രകാശം മാത്രം. ദേവി ശാന്തനായ ശിവന്റെ രൂപത്തില്‍ ഈ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്നു.
384. തുദ്രഗ്രന്ഥി വിഭേദിനി:- ആജ്ഞാചക്രത്തിനുമുകളില്‍ നാഡികള്‍ കെട്ടിപിണഞ്ഞുണ്ടാകുന്ന അടപ്പാണ് രുദ്രഗ്രന്ഥി. വിശുദ്ധിചക്രവും ആജ്ഞാചക്രവും കടന്നുയരുന്ന കുണ്ഡലിനി രുദ്രഗ്രന്ഥിയെ ഭേദിച്ച് സഹസ്രദള പദ്മത്തിലെത്തുന്നു.
385. സഹസ്രദളപദ്മസ്ഥാ:- ആറ് ആധാരങ്ങളെയും മൂന്നു ഗ്രന്ഥിയെയും ഭേദിച്ച് സഹസ്രദളപദ്മത്തില്‍ എത്തിയവള്‍.
386. ശിവാഭിന്നസ്വരൂപിണീ:- ആധാരചക്രങ്ങളെയും ഗ്രന്ഥികളെയും ഭേദിച്ച് സഹസ്രാരത്തില്‍ എത്തിച്ചേരുന്ന കുണ്ഡലിനീശക്തി സഹസ്രാരത്തിലുള്ള ശിവചൈതന്യത്തില്‍ ലയിക്കുന്നു. ശിവശക്തൈ്യക്യത്തില്‍നിന്നുണ്ടാകുന്ന അമൃതസ്യന്ദം പിണ്ഡാണ്ഡത്തിലാകെ വ്യാപിക്കുമ്പോള്‍ പിണ്ഡാണ്ഡബദ്ധനായ വ്യക്തിക്കു ചിദാനന്ദാനുഭൂതിയുണ്ടാകുന്നു.
…. തുടരും
















