ന്യൂദല്‍ഹി: സാമൂഹ്യമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് നിയന്ത്രണം വ്യവസ്ഥ ചെയ്യുന്ന ഐടി നിയമത്തിലെ 66എ വകുപ്പ് റദ്ദാക്കി സുപ്രീംകോടതിയുടെ ചരിത്രവിധി. വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, ആര്‍.എഫ്. നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ഇതോടെ നവമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ജാമ്യംലഭിക്കുന്ന കുറ്റകൃത്യത്തിന്റെ പട്ടികയിലേക്ക് മാറി.
കേന്ദ്ര ഐടി നിയമത്തിലെ 66എ വകുപ്പിന് സമാനമാണെന്ന് ചൂണ്ടിക്കാട്ടി കേരള പോലീസ് നിയമത്തിലെ 118ഡി വകുപ്പും സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് 66എ വകുപ്പെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് അതിശക്തമായ നിയമം ആവശ്യമാണെന്ന വാദം തള്ളിക്കളഞ്ഞ കോടതി അഭിപ്രായ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ബലമെന്ന് ചൂണ്ടിക്കാട്ടി. ഐടി വകുപ്പിലെ 66എ അഭിപ്രായ സ്വാതന്ത്ര്യത്തോടൊപ്പം പൗരന്മാരുടെ മൗലികാവകാശവും നിഷേധിക്കുന്നതാണ്, കോടതി പറഞ്ഞു.
ഐടി നിയമത്തിലെ 69ബിയും മറ്റു മാര്‍ഗനിര്‍ദേശങ്ങളും ഉയര്‍ത്തിക്കാട്ടിയ കോടതി സാമുദായിക സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിക്കുന്ന ഉള്ളടക്കമുള്ള വെബ്‌സൈറ്റുകളും അവയിലെ പരാമര്‍ശങ്ങളും റദ്ദാക്കാനുള്ള അനുമതി തുടരുമെന്ന് വ്യക്തമാക്കി. സാമൂഹ്യമാധ്യമങ്ങളിലെ പരാമര്‍ശങ്ങളുടെ പേരില്‍ പോലീസ് നടപടിക്കു കാരണമാകുന്ന ഐടി നിയമത്തിലെ 79-ാം വകുപ്പിനും കോടതി നിയന്ത്രണമേര്‍പ്പെടുത്തി.
എന്നാല്‍ നിര്‍ദേശങ്ങള്‍ മറികടന്ന് ഐടി ആക്ട് ദുരുപയോഗം ചെയ്യുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അതുമാത്രം കണക്കിലെടുത്ത് ഒരു നിയമം റദ്ദാക്കരുതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ധരിപ്പിച്ചു. ആരുടെയെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തെ തടസപ്പെടുത്തുന്നതിനായല്ല സര്‍ക്കാര്‍ നിയമം നിര്‍മ്മിച്ചത്.ദുരുപയോഗപ്പെടുത്തുന്നതിന്റെ പേരില്‍ നിയമത്തെ ഇല്ലായ്‌മ ചെയ്യരുതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
സാമൂഹ്യമാധ്യമങ്ങളിലെ പരാമര്‍ശങ്ങളെ തുടര്‍ന്ന് പോലീസ് നടപടിക്ക് വിധേയമായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി നിയമ വിദ്യാര്‍ത്ഥിയായ ശ്രേയ സിംഗാള്‍ അടക്കം നിരവധി പേരാണ് ഹര്‍ജികളുമായി സുപ്രീം കോടതിയെ സമീപിച്ചത്. അടുത്തിടെ യുപി മന്ത്രി അസം ഖാനെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം രേഖപ്പെടുത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിയെ ജയിലിലടച്ച സംഭവമാണ് വിഷയത്തില്‍ കോടതിയുടെ ശ്രദ്ധ പതിയാന്‍ കാരണമായത്.
വിധി സ്വാഗതാര്‍ഹം : കേന്ദ്രം
ന്യൂദല്‍ഹി: 66എ നിയമം റദ്ദാക്കിയ സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്ന് കേന്ദ്രസര്‍ക്കാര്‍. വിമര്‍ശനത്തോട് സഹിഷ്ണുതയുള്ളവരാണ് കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്നതെന്ന് വിധിയോടുള്ള പ്രതികരണമായി കേന്ദ്ര വിവരസാങ്കേതിക മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം. ജനാധിപത്യ രാജ്യമായ ഭാരതത്തില്‍ ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കാണ് ലക്ഷ്യം. ഏതെങ്കിലും അവകാശങ്ങള്‍ ഇല്ലാതാക്കണമെന്ന് സര്‍ക്കാരിനില്ല. ലക്ഷക്കണക്കിന് ജനങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ സജീവമായിരിക്കുന്ന രാജ്യമാണ് നമ്മുടേത്. സാമൂഹ്യമാധ്യമങ്ങളില്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ സ്വയംനിയന്ത്രണം പാലിക്കണമെന്നും രവിശങ്കര്‍ പ്രസാദ് നിര്‍ദേശിച്ചു.
















