379. വഹ്നിമണ്ഡല മധ്യസ്ഥാഃ അഗ്നിമണ്ഡലത്തിന്റെ മദ്ധ്യത്തില്‍ സ്ഥിതിചെയ്യുന്നവള്‍. സുഷുമ്‌നാനാളത്തിനുള്ളിലുള്ള ആറ് ആധാരചക്രങ്ങളെക്കുറിച്ചു മുമ്പു പറഞ്ഞു. ഇവയെ യോഗശാസ്ത്രം സോമസൂര്യാഗ്നിരൂപങ്ങളായ മൂന്നു ഖണ്ഡങ്ങളായി തിരിച്ചിരിക്കുന്നു.
മൂലാധാരവും സ്വാധിഷ്ഠാനവും ഒരു ഖണ്ഡം. മണിപൂരം, അനാഹതം എന്നിവ രണ്ടാം ഖണ്ഡം. വിശുദ്ധി, ആജ്ഞ എന്നിവ മൂന്നാം ഖണ്ഡം. ഇവയില്‍ കീഴറ്റത്തുള്ള മൂലാധാരവും സ്വാധിഷ്ഠാനവും ചേര്‍ന്നഭാഗം അഗ്നിമണ്ഡലമാണ്. അഗ്നി എരിയണമെങ്കില്‍ ഇന്ധനം വേണം. ലൗകിക കാമനകളാകുന്ന ഇന്ധനത്തില്‍ പടരുന്ന വൈഷയിക തൃഷ്ണ ഈഭാഗത്ത് സദാ കത്തിക്കൊണ്ടിരിക്കും.
ഈ രണ്ട് ആധാരചക്രങ്ങള്‍ക്കും മുകളില്‍ ദേവി ബ്രഹ്മാവിന്റെ രൂപത്തില്‍ സ്ഥിതിചെയ്യുന്നു. നാഡികള്‍ കെട്ടുപിണഞ്ഞുണ്ടാകുന്ന ഒരു അടപ്പുപോലെ കുണ്ഡലിനിയുടെ ഊര്‍ദ്ധ്വഗതിയെ തടഞ്ഞുകൊണ്ടു സ്ഥിതിചെയ്യുന്ന ബ്രഹ്മഗ്രന്ഥിയില്‍ സൃഷ്ടിശക്തിയായി ദേവി സ്ഥിതിചെയ്യുന്നു.
380. ബ്രഹ്മഗ്രന്ഥി വിഭേദിനിഃ മൂലാധാരത്തില്‍ നിന്ന് ഉണര്‍ന്നു പൊങ്ങുന്ന കുണ്ഡലിനീരൂപയായ ചിച്ഛക്തി സ്വാധിഷ്ഠാനചക്രം കടന്ന് ബ്രഹ്മഗ്രന്ഥിയെ ഭേദിച്ച് അടുത്ത മണ്ഡലമായ സൂര്യമണ്ഡത്തില്‍ എത്തുന്നു.ഊര്‍ദ്ധ്വഗതിയില്‍ ബ്രഹ്മഗ്രന്ഥിയെ ഭേദിക്കുന്നവള്‍.
381. സൂര്യമണ്ഡലമധ്യസ്ഥാഃ സൂര്യ മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്നവള്‍. ബ്രഹ്മഗ്രന്ഥിക്കുമുകളില്‍ മണിപൂരം, അനാഹതം എന്നീ ചക്രങ്ങള്‍ സ്ഥിതിചെയ്യുന്നു. സംഹാരരുദ്രമൂര്‍ത്തിയായ ആദിത്യന്‍ തന്റെ തീക്ഷ്ണകിരണങ്ങളാല്‍ വിഷയബന്ധങ്ങളെയും വാസനകളെയും പൂര്‍ണമായി നശിപ്പിക്കുന്നത് ഇവിടെ വച്ചാകയാല്‍ ഈ രണ്ടു ചക്രങ്ങളുമുള്ള ഭാഗം സൂര്യമണ്ഡലം എന്നുപറയപ്പെടുന്നു. ഈ മണ്ഡലത്തില്‍ മഹാദേവി വിഷ്ണുരൂപത്തില്‍ സ്ഥിതിചെയ്യുന്നു.
382. വിഷ്ണുഗ്രന്ഥി വിഭേദിനിഃ മണിപൂരത്തിനും അനാഹതത്തിനും മുകളില്‍ നാഡികള്‍ കെട്ടുപിണഞ്ഞുണ്ടാകുന്ന അടപ്പാണ് വിഷ്ണുഗ്രന്ഥി. വിഷ്ണുഗ്രന്ഥിയെ ഭേദിച്ചാലേ കുണ്ഡലിനിക്ക് വിശുദ്ധി ചക്രത്തിലെത്താനാകൂ.
…. തുടരും
















