ചേര്‍ത്തല: അന്ത്യാഭിലാഷം നിറവേറ്റി അനാഥര്‍ക്കു തുണയായിരുന്ന ആ മാര്‍ഗദീപം അണഞ്ഞു. റൂര്‍ക്കല ശ്രമിക് സംഘിന്റെ സ്ഥാപകന്‍ എം.ഡി.എന്‍. പണിക്കരു (74)ടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ബന്ധുക്കള്‍ അമൃത ഇന്‍സിസ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടുകൊടുത്തു.
ചേര്‍ത്തല മണവേലി മേക്രക്കാട്ട് ദാമോദരപ്പണിക്കര്‍ 1960 കളിലാണ് ഒഡീഷയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൂര്‍ക്കല സ്റ്റീല്‍ പ്ലാന്റി ല്‍ സാധാരണ ജീവനക്കാരനായി പ്രവേശിച്ചത്. രണ്ട് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക ജീവിതത്തിനിടയില്‍ നേതൃപാടവത്തിലൂടെ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവായി. സ്റ്റെനോ ടൈപ്പിസ്റ്റായി ജോലിയില്‍ കയറിയ പണിക്കര്‍ വളരെ പെട്ടെന്നു തന്നെ കമ്പനി ജനറല്‍ മാനേജരുടെ പ്രൈവറ്റ് സെക്രട്ടറിയായി. 1980 കളില്‍ കമ്പനി തൊഴിലാളി കളെ അടിമകളെ പോലെ പീഡിപ്പിക്കുകയും, മുന്നറിയിപ്പു പോലും ഇല്ലാതെ തൊഴിലില്‍ നിന്ന് പിരിച്ചുവിടുന്നതും കണ്ട് മനസു വേദനിച്ച അദ്ദേഹം മാനേജ്മെന്റിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.
നിരന്തരമായ പരിശ്രമത്തിലൂടെ അന്നുണ്ടായിരുന്ന 4500 ഓളം തൊഴിലാളികളെ സ്ഥിരം ജീവനക്കാരാക്കുന്നതിന് നടത്തിയ നിയമയുദ്ധത്തിനൊടുവില്‍ വിജയം പണിക്കര്‍ സ്വന്തമാക്കി. ഭാരതത്തിലെ ഒരു വ്യവസായശാലയും കാണാത്ത സമരവീര്യം ഒഡീഷയിലെ മികച്ച തൊഴിലാളി നേതാവാക്കി അദ്ദേഹത്തെ ഉയര്‍ത്തി. അവിടെ നിന്നാണ് റൂര്‍ക്കല ശ്രമിക് സംഘ് എന്ന തൊഴിലാളി സംഘടന ഉദയം കൊണ്ടത്. മരണം വരെ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി കഠിന പ്രയത്നം ചെയ്തു.
മൂന്നുമക്കളും മരിച്ചതോടെ അദ്ദേഹവും ഭാര്യ സുലോചനയും ജീവിച്ചത് അനാഥര്‍ക്കും അശരണര്‍ക്കും വേണ്ടിയായിരുന്നു. മക്കളുടെ ഓര്‍മ്മയ്ക്കായി ഒഡീഷയില്‍ അനാഥാലയം ആരംഭിച്ചു. മരണശേഷവും തന്റെ ശരീരം സമൂഹത്തിന് പ്രയോജനപ്പെടണം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റാന്‍ സുലോചനയ്ക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വ്യാഴാഴ്ചയാണ് എംഡിഎന്‍ പണിക്കര്‍ മരിച്ചത്. മാര്‍ച്ച് 22ന് മണവേലി മേക്രക്കാട്ടുള്ള വീട്ടില്‍ പൊതു ദര്‍ശനത്തിനു വച്ചശേഷം അമൃത ആശുപത്രിക്കായി മൃതദേഹം വിട്ടു നല്കി. മക്കള്‍: പരേതരായ മനു, മീന, സുലക്ഷ്മി. ആര്‍എസ്എസ് ചേര്‍ത്തല താലൂക്ക് സംഘചാലക് ശശിധരപ്പണിക്കര്‍ സഹോദരനാണ്. മറ്റ് സഹോദരങ്ങള്‍: വിജയലക്ഷ്മി, പരേതരായ പദ്മനാഭപ്പണിക്കര്‍, സോമനാഥപ്പണിക്കര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: