ആലപ്പുഴ: ജില്ലയിലെ ഷാപ്പുകളില്‍ സ്പിരിറ്റ് ചേര്‍ത്ത വ്യാജക്കള്ള് വില്‍ക്കുന്നതായി എക്സൈസ് ഇന്റലിജന്റ്സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാപ്പുകളില്‍ പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് 15 ദിവസത്തിനകം നല്കാന് എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ നിര്‍ദ്ദേശം നല്കി.
ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളുടെ പരിധിയിലുള്ള കള്ളുഷാപ്പുകളില്‍ വ്യാജക്കള്ള് വില്‍പ്പന വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. ഇവിടങ്ങളിലെ ഷാപ്പുകളിലേക്ക് പെര്‍മിറ്റ് പ്രകാരം പാലക്കാട്ട് നിന്നും കടത്തിക്കൊണ്ട് വരുന്ന കള്ളില്‍ സ്പിരിറ്റ് കലര്‍ത്തി വില്‍പ്പന നടത്തുന്നതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിന് പുറമെ വിവിധ റെയ്ഞ്ചുകളിലെ കള്ളുഷാപ്പുകളുടെ പ്രവര്‍ത്തനം ചില വ്യക്തികള്‍ പരോക്ഷമായി നിയന്ത്രിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ചെങ്ങന്നൂര്‍ റെയ്ഞ്ചിലെ കള്ള് ഷാപ്പുകളുടെ പ്രവര്‍ത്തനം ബാബുരാജ്, സുരേഷ്, സതീഷ്കുമാര്‍ എന്നിവരും കായംകുളം റെയ്ഞ്ചില്‍ ശ്രീകുമാര്‍, സാബു, അനു, സത്യലാല്‍ എന്നിവരും മാവേലിക്കരയില്‍ അനു, പുഷ്പന്, രാജാമണി എന്നീ വ്യക്തികളും നൂറനാട് റെയ്ഞ്ചില്‍ വിശ്വനാഥന്, സതീഷ്കുമാര്‍ എന്നിവരും, കാര്‍ത്തികപ്പള്ളിയില്‍ സുരേഷ് എന്നയാളും ആലപ്പുഴയില്‍ മണിക്കുട്ടനും കുത്തിയതോട് റെയ്ഞ്ചില്‍ ബിനീഷ് വൈക്കം എന്ന വ്യക്തിയും പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിട്ടുള്ളതായാണ് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. ഈ വിഷയങ്ങളില്‍ പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നത്.
ജില്ലാ അസി. എക്സൈസ് കമ്മീഷ്ണര്‍, ചേര്‍ത്തല, ആലപ്പുഴ, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, കായംകുളം, കാര്‍ത്തികപ്പള്ളി, മാവേലിക്കര, നൂറനാട്, ചെങ്ങന്നൂര്‍, ആലപ്പുഴ, കുത്തിയതോട് എന്നിവിടങ്ങളിലെ എക്സൈസ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്കാണ് കമ്മീഷണര്‍ നിര്‍ദ്ദേശം കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: