വിചിത്ര പ്രഭാവയാണു മായ. മായയുടെ ലീലകളെല്ലാം നിങ്ങളുടെ മനസ്സില്‍ എത്രഎത്ര ഗ്രന്ഥികളാണു സൃഷ്ടിച്ചിരിക്കുന്നത്. ദേഹാത്മഭാവേന ഒരു ഗ്രന്ഥിയാണ് ശരീരത്തെ സംബന്ധിച്ച സകലതിനെപറ്റിയുള്ള മമതാബോധം മറ്റൊരു ഗ്രന്ഥിയാണ്.
”ഞാന്‍ സര്‍വ്വജ്ഞ”നാണ് എന്നു തോന്നല്‍ മൂന്നാമത്തെ ഗ്രന്ഥിയാണ്. ഈശ്വരകൃപകാണ്ട് മാത്രമേ ഈ ഗ്രന്ഥികളെ ഭേദിച്ച് കയറാനും, സത്യവസ്തുവിനെ ദര്‍ശിക്കാനും കഴിയും. ഗുരുവുമായി സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ മനസ്സിന്റെ നിജസ്വഭാവം നിങ്ങള്‍ക്കറിയാന്‍ കഴിയും.
ഗുരു ഒരു ദര്‍പ്പണമാണ്. നിങ്ങള്‍ ഈശ്വരദര്‍പ്പണത്തിനഭിമുഖമായി വരുമ്പോള്‍ നിങ്ങളുടെ സ്വന്തം അഹന്തയാര്‍ന്ന വ്യക്തിത്വവും കുറ്റങ്ങളും പേരായ്‌മകളും പ്രത്യക്ഷമാകും.
ഒരു പാത്രത്തില്‍ നിറച്ച പാല്‍ മുഴുവന്‍ ഉപയോഗശൂന്യമാക്കാന്‍ ഒരു തുള്ളി വിഷം മതി. വിഷയമാണ് വിഷം. വിഷയാസക്തി ഈശ്വരാഭിവാഞ്ചയുടെയും ഭക്തിയുടെയും ഉറവയെ വറ്റിച്ചു കളയും. അത് മനസ്സിനെ അസ്വസ്ഥവും ബഹിര്‍മുഖവുമാക്കിത്തീര്‍ക്കുകയും ചെയ്യും.
വിഷയങ്ങളുടെ പ്രലോഭനങ്ങളില്‍നിന്ന് വിമോചനം നേടുന്നതിന് ഇന്ദ്രിയങ്ങളെ കീഴടക്കണം. നാവിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍, മറ്റെല്ലാ ഇന്ദ്രിയങ്ങളും സ്വയം നിയന്ത്രിതമാകും. നാവിന്റെ നിയന്ത്രണമെന്നു പറഞ്ഞാല്‍ രുചിയുടെയും സംഭാഷണത്തിന്റെയും നിയന്ത്രണമാണ്. ഉപവാസവും മെനനവ്രതവും നിയന്ത്രണത്തിനു വേണ്ടിയുള്ളവയാണ്.
അമ്മ എപ്പോഴും പറയുമായിരുന്നു. മക്കളേ, നിങ്ങള്‍ എന്തിനു അനാവശ്യമായി മറ്റു കാര്യങ്ങളില്‍ ഇടപെടണം. സ്വന്തം കാര്യങ്ങള്‍ വിസ്മരിച്ചുകൊണ്ടല്ലേ പലരും സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. അമ്മ പറയുന്നു സമയം കിട്ടുമ്പോഴെല്ലാം ഒരു സ്ഥലത്തിരുന്ന് കണ്ണുകളടച്ച് മനസ്സിനെ നിശ്ചലവും ശാന്തവുമാക്കുക.
അധികം സംസാരിക്കുകയോ പൊതുസ്ഥലത്തുവച്ച് ആരെയും നിന്ദിക്കുവാനോ വിമര്‍ശിക്കുവാനോ പാടില്ലാത്തതാണ്. ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ പ്രതിഫലനം നമ്മളിലേക്ക് തന്നെവരും. അതിനാല്‍ സമയം കിട്ടുമ്പോഴെല്ലാം ഏകാന്തതയില്‍ പ്രവേശിച്ച് ധ്യാനവും ഉല്‍കൃഷ്ടഭാവങ്ങളും സൃഷ്ടിക്കും.
ശ്രീ രമാദേവി
















