ജീവിതം ഈശ്വരോന്മുഖമാക്കണമെങ്കില്‍ ലോകത്തോടും സഹജീവികളോടുമുള്ള മനോഭാവം മാറിയേ പറ്റൂ. ചുറ്റുപാടുകള്‍ അനുകൂലമാകുമ്പോള്‍ സൗഹൃദവും സന്തോഷവും എളുപ്പമാണ്. എന്നാല്‍ അവ വിപരീതമാകുമ്പോഴോ?
ആ സന്ദര്‍ഭങ്ങളില്‍ നമുക്ക് സഹായമാകുക കരുണയും നിസ്സംഗതയുമാണ്. തടസ്സങ്ങളും ഉപദ്രവങ്ങളും സൃഷ്ടിക്കുന്നവരെ കരുണയോടെ മാത്രം ഓര്‍ക്കുക. അവരറിയാതെ സ്വയം താഴ്ന്ന് നമുക്ക് ഉയരാന്‍ അവസരം നല്‍കുകയാണ്. അവര്‍ എന്നാണ് ഈ കുരുക്കില്‍നിന്ന് രക്ഷപ്പെടുകയെന്ന് അനുതപിച്ചുകൊണ്ട് അവരെ അഭിമുഖീകരിക്കുക.
നമുക്ക് നിയന്ത്രണമില്ലാത്ത കാര്യങ്ങളില്‍ നിസ്സംഗത പുലര്‍ത്തുക. അവജ്ഞയും ഈര്‍ഷ്യയുമില്ലാതെ സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞതായിരിക്കണം ഈ നിസ്സംഗത.
എല്ലാ തടസ്സങ്ങളോടും ക്രോധത്തോടും വികാരവിക്ഷോഭത്തോടുംകൂടി പ്രതികരിക്കാന്‍ ശീലിച്ചുവന്നവരാണ് എല്ലാവരും. ആ ശീലം മാറി വിശാലമായ ഒരു അവസ്ഥയിലേക്ക് ഉയരാന്‍ കരുണയും നിസ്സംഗതയും നമ്മെ സഹായിക്കും.
















