നാമസാധന പരമലളിതമായി തോന്നാം. പക്ഷേ അതിലൂടെ സീമയറ്റ ആദ്ധ്യാത്മിക സാധനകളുടെ ഒരല്‍ഭുത പ്രപഞ്ചത്തിലേക്കുള്ള കിളിവാതിലുകള്‍ അമ്മ നിങ്ങള്‍ക്ക് തുറന്നുതന്നു. മനോജയത്തിനുള്ള മാര്‍ഗ്ഗങ്ങളെയും ഉപാധികളേയും വിശദീകരിച്ച്‌കൊണ്ടായിരുന്നു ഗുരുമാതാവ് പ്രഭാഷണം ആരംഭിച്ചത്.
പ്രശാന്തമായ ആ മുഖ കമലത്തില്‍ മാറിമാറി പ്രകാശിച്ചിരുന്ന ഭാവങ്ങള്‍ ആരേയും വിസ്മയിക്കുന്നതായിരുന്നു. ഹോ! എന്തൊരു ചൈതന്യം മുറ്റി നില്‍ക്കുന്ന മുഖഭാവം. പരാശക്തി മാതാവ് തന്നെ.
പ്രപഞ്ചം പ്രതിഫലിക്കുന്നത് മനസ്സിലാണെന്നു അമ്മ പറഞ്ഞു. വൈവിദ്ധ്യമാര്‍ന്ന പ്രതിഫലനങ്ങള്‍ മനസ്സ് ഉള്‍ക്കൊള്ളുന്നു.ഈ പ്രതിഫലനങ്ങളില്‍നിന്നാണ് മനുഷ്യന്റെ പ്രവണതകളും സ്വഭാവവും വീക്ഷണവും ജീവിതരീതികളും രൂപം കൊള്ളുന്നത്.
മനസ്സ് മോക്ഷസിദ്ധിക്കുള്ള ഉപാധിയാകണമെങ്കില്‍ മനസ്സിലെ അപകൃഷ്ട വ്യാപാരങ്ങള്‍ ഉല്‍കൃഷ്ണശക്തികളായും പ്രാപഞ്ചിക പ്രവണത ആദ്ധ്യാത്മികാസക്തിയായും പരിവര്‍ത്തനം ചെയ്യപ്പെടണം. അതിനുവേണ്ടിയാണ് അമ്മ മഹാവാക്യത്തിന്റെ ശക്തിതരംഗവും ഉപദേശം മുഖേനയുള്ള വിജ്ഞാനവും പകര്‍ന്നുതന്നത്.
ചിത്തത്തിന്റെ അഗാധതയില്‍ ഈ വാക്കുകള്‍ ശക്തിമത്തായ ഒരു ജ്ഞാനരൂപമായി മാറും. ഈശക്തിവിശേഷമാണ് അന്തര്‍ദര്‍ശന സ്ഫുരണ തരംഗങ്ങളായും വിവേചന പ്രക്രിയയായും പ്രലോഭന പ്രതിരോധശക്തിയായും പ്രതിസന്ധികളില്‍ സമചിത്തതതായും വിപല്‍ഘട്ടങ്ങളില്‍ ആത്മധൈര്യമായും പ്രാരാബ്ധാനുഭവകാലത്ത് സഹനശക്തിയായും പ്രകടമാവുന്നത്.
പക്ഷേ നിങ്ങള്‍ ഗുരുവിന്റെ സ്വാധീനതയ്‌ക്ക് സര്‍വ്വാത്മനാ വിധേയമാകേണ്ടതുണ്ട്.
ഗുരുവുമായുള്ള അടിസ്ഥാനപരമായ ആത്മീയബന്ധം നിങ്ങള്‍ കണ്ടെത്തണം. ആ ബന്ധം സ്ഥാപിക്കുന്നതോടെ നിങ്ങള്‍ ഗുരുവിന്റെ സമഷ്ടിയായ യോഗ ശക്തിയുടെ മാദ്ധ്യമമായി മാറുന്നു. അപ്പോള്‍ മുതല്‍ ഗുരുവിന്റെ ശക്തിയും ഗുരുവിന്റെ വിജ്ഞാനവും ഗുരുവിന്റെ അപാരമായ കൃപയുമായിരിക്കും നിങ്ങളെ സത്യബന്ധവും ധര്‍മ്മനിരതവുമായ മാര്‍ഗത്തിലേക്ക്‌നയിക്കുന്നത്.
ശ്രീ രമാദേവി
















