വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനു കിട്ടുന്ന അപൂര്‍വ സമ്മാനമായി അതിനെ പരിഗണിക്കാനാവില്ല, പക്ഷേ കഴിഞ്ഞ ദിവസം കിട്ടിയ സയനൈഡ് പായ്‌ക്കറ്റിനെ അവഗണിക്കാനുമാവില്ല.
മുമ്പൊരിക്കല്‍ മലവും മൂത്രവും പാഴ്‌സലയച്ചയാള്‍ തന്നെയാണ് ഇത്തവണ സയനൈഡ് പാക്കറ്റ് പാഴ്‌സലയച്ചത്.പായ്‌ക്കറ്റ് കിട്ടിയ വിവരം അമേരിക്കന്‍ സീക്രട് സര്‍വീസ് വക്താവ് ബ്രിയാന്‍ ലീറിയാണ് വെളിപ്പെടുത്തിയത്.
”മാര്‍ച്ച് 16-ന് ഒരു പാഴ്‌സല്‍ കിട്ടി. ആദ്യം അതു പരിശോധിച്ചപ്പോള്‍ അപകടമൊന്നും തോന്നിച്ചില്ല. രണ്ടാമത് രാസപരിശോധനയിലാണ് സയനൈഡ് ആണെന്നു മനസിലായത്,” വക്താവ് പറഞ്ഞു. വൈറ്റ് ഹൗസിലേക്കുള്ള എല്ലാ വസ്തുക്കളും മൂന്നു സുരക്ഷാ പരിശോധന കഴിഞ്ഞേ ഉള്ളില്‍ കടത്താറുള്ളു.
പാഴ്‌സല്‍ അയച്ച ആള്‍ മുമ്പും ഇത്തരം വിക്രിയകള്‍ ചെയ്തിട്ടുള്ളയാളാണ്. 1995-ല്‍ മൂത്രവും മലവും അയച്ചു. 2012-ല്‍ കുറേ മദ്യമാണ് അയച്ചത്.
















