ജിദ്ദ: മൊബൈല്‍ സന്ദേശത്തിലൂടെ ഒരാളെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ കുറ്റക്കാരിയായി കണ്ടെത്തിയ സൗദി വനിതക്ക് 70 ചാട്ടയടി ശിക്ഷ. വാട്‌സ് ആപ് വഴി 32 കാരിയായ വനിത സന്ദേശം പ്രചരിപ്പിച്ചത് അപകീര്‍ത്തികരമായെന്ന ആരോപണമാണ് കേസിന് ആധാരം. ചാട്ടയടിക്ക് പുറമേ 20,000 സൗദി റിയാല്‍ പിഴയും വിധിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലെ സൈബര്‍ നിയമപ്രകാരം സാങ്കേതിക ഉപകരണങ്ങളുപയോഗിച്ച് ഒരാളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ കുറഞ്ഞത് ഒരുവര്‍ഷത്തെ തടവോ 500,000 സൗദി റിയാല്‍ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാം.
കഴിഞ്ഞ ജൂലൈയില്‍ പരസ്പരം വാട്‌സ് ആപ്പില്‍ അപകീര്‍ത്തിപ്പെടുത്തിയതിന് രണ്ടു സ്ത്രീകള്‍ക്ക് 10 ദിവസം ജയില്‍ വാസവും 20 ചാട്ടയടിയും ജിദ്ദയിലെ റെഡ് സീ സിറ്റി കോടതി വിധിച്ചിരുന്നു.
















