പ്രമുഖ ഭാരതീയ നേതാവും പണ്ഡിതനും ബനാറസ് സര്‍വകലാശാലയുടെ സ്ഥാപകനുമായ പണ്ഡിറ്റ് മദനമോഹന മാളവ്യ ദയ നിറഞ്ഞ ഒരു ഹൃദയത്തിന്റെ ഉടമയായിരുന്നു. അദ്ദേഹത്തെ സംബന്ധിക്കുന്ന ഒരു സംഭവകഥ.
ഉടമസ്ഥനില്ലാതെ അലഞ്ഞുതിരിയുന്ന ഒരു പട്ടി ചിലപ്പോഴൊക്കെ മാളവ്യജിയുടെ വീട്ടുമുറ്റത്ത് വരാറുണ്ട്. കാണുന്നവരൊക്കെ അതിനെ എറിഞ്ഞോടിക്കുകയാണ് പതിവ്. ഒട്ടൊക്കെ എല്ലും തോലുമായ അത് മുറ്റത്തുവന്ന് ദയനീയമായി മുരങ്ങുമ്പോള്‍ മാളവ്യജി എന്തെങ്കിലും തിന്നാന്‍ ഇട്ടുകൊടുക്കാറുണ്ട്.
”ഈ തെണ്ടിപ്പട്ടിയെ എറിഞ്ഞ് കാലൊടിക്കണം” എന്ന് മറ്റുള്ളവര്‍ പറയുമ്പോള്‍ മാളവ്യജി പറയും: ”ജീവനുള്ള ഒരു ജന്തുവല്ലേ?എറിഞ്ഞ് കാലൊടിക്കുന്നത് കഷ്ടമാണ്. എല്ലാം സര്‍വേശ്വരന്റെ സൃഷ്ടികളാണല്ലോ.”
ആ പട്ടിക്ക് ചെവിയോടു ചേര്‍ന്ന ഭാഗത്ത് എങ്ങനെയോ ഒരു വ്രണമുണ്ടായി. ചലമൊലിപ്പിച്ച് ഏന്തി നടക്കുന്ന അത് വല്ലതും കിട്ടുമെന്ന പ്രതീക്ഷയില്‍ മുറ്റത്തു വന്നു നില്‍ക്കുന്നതു കണ്ടപ്പോള്‍ മാളവ്യജി പറഞ്ഞു.
”സാധു ജീവി. ഇതിന്റെ വ്രണം മാറ്റണം”
അദ്ദേഹം അപ്പോള്‍തന്നെ ഒരു മൃഗചികിത്സകനെ കണ്ട് വ്രണത്തിനുപറ്റിയ മരുന്നു വാങ്ങി. പക്ഷേ പട്ടിയുടെ കവിളില്‍ അതെങ്ങനെ പുരട്ടണമെന്നതായി പ്രശ്‌നം. ഏതായാലും ഒരു കോലിന്റെ അറ്റത്ത് മരുന്നു തേച്ച തുണി ചുരുട്ടിവച്ച് വളരെ സാഹസപ്പെട്ടാണെങ്കിലും അതുപയോഗപ്പെടുത്തി മാളവ്യജി അതിന്റെ വ്രണം ഇല്ലാതാക്കി.
പട്ടി വ്രണമുണങ്ങി യഥേഷ്ടം ഇര തേടാവുന്ന നിലയിലുമായി. അതിന് യഥേഷ്ടം സഞ്ചരിക്കാന്‍ പ്രയാസമില്ലാത്ത നില വന്നപ്പോള്‍ മാളവ്യജി പറഞ്ഞു: ”ഞാന്‍ ഈശ്വരനിഷ്ടപ്പെടുന്ന ഒരു സത്പ്രവൃത്തി ചെയ്തു”.
















