ഗൗണീഭക്തിയുടെ ആറാമത്തെ അംഗം വന്ദനമാണല്ലോ. ഇത് അര്‍ച്ചനയില്‍പെട്ടുപോകുമെന്നുകൂടി ഒരു പക്ഷമുണ്ട്. പക്ഷേ ഭക്ത്യാചാര്യനായ പ്രഹ്‌ളാദന്‍ വന്ദന്തെ ഭക്തിയുടെ ആറാമത്തെ അംഗമായിത്തന്നെയാണ് എടുത്തു പറയുന്നത്.
‘വദി അഭിവാദനസ്തുത്യോഃ’ എന്ന ധാതുവില്‍നിന്നു നിഷ്പന്നമായ വന്ദനശബ്ദത്തിന് അഭിവാദനമെന്നും സ്തുതിയെന്നും രണ്ടര്‍ത്ഥമുണ്ട്. അഭിവാദനത്തിന് നമസ്‌കാരമെന്നാണര്‍ത്ഥം. അതിനു വണക്കമെന്നു മലയാളത്തില്‍ അര്‍ത്ഥം പറയാവുന്നതാണ്.
ഭക്തിശ്രദ്ധാതിശയപുരസ്സരമുള്ള നമസ്‌ക്കാരത്തിനു വന്ദനമെന്നു പറയുന്നു. പൂജ്യന്മാരുടെ മുമ്പില്‍ പൂജകന്റെ അപകര്‍ഷത്തെ ബോധിപ്പിക്കുന്ന ഒരു വ്യാപാരമാണത്.
”സ്വാപകര്‍ഷസ്യ ബോധാര്‍ത്ഥം
യാ ക്രിയാ ക്രിയതേ ജനൈഃ
തം പ്രണാമം വിജാനീയാത്.”
ആ വന്ദനത്തില്‍ക്കൂടി വന്ദ്യനോടുള്ള ഭക്തിബഹുമാനങ്ങളാണു സൂചിപ്പിക്കുന്നത്. അതിനാല്‍ ഈശ്വരന്റെയോ ഈശ്വരപ്രതീകങ്ങളുടെയോ ഗുരുജനങ്ങളുടെയോ മുമ്പില്‍ ശ്രദ്ധയോടും ഭക്തിയോടുംകൂടി ചെയ്യുന്ന നമസ്‌ക്കാരത്തിനു വന്ദനഭക്തി എന്നു പറയാവുന്നതാണ്. എല്ലാ മതാവലംബികളും അനുഷ്ഠിച്ചുപോരുന്ന ഒരു ചടങ്ങാണിത്.
അഭിവാദനം, അഷ്ടാംഗം, പഞ്ചാംഗം, കുരശിരസ്സംയോഗം ഇങ്ങനെ നമസ്‌കാരം നാലുവിധത്തിലാചരിച്ചുപോരുന്നുണ്ട്.
നമസ്‌ക്കരിക്കുന്ന ഭക്തന്‍ തന്റെ പേരുച്ചരിച്ചും നമസ്‌ക്കാര്യനായ വ്യക്തിയുടെ കാലില്‍ സ്പര്‍ശിച്ചുകൊണ്ട് അഭിവദിക്കുന്നതിനാണ് അഭിവാദനമെന്നു പറയുക. ‘അഭിവാദയേ, കൃഷ്ണശര്‍മ്മാ നാമാഹമസ്മി ഭോഃ” എന്നു തുടങ്ങിയവ അതിനുദാഹരണമാണ്. സാധാരണമായി വൃദ്ധജനങ്ങളേയും ഗുരുജനങ്ങളേയും പ്രഭാതത്തിലും പ്രദോഷത്തിലും അഭിവാദനം ചെയ്യണമെന്നാണ് പ്രാചീനഹിന്ദുക്കളുടെ നിയമം.
അഭിവാദനശീലസ്യ നിത്യം വൃദ്ധോപസേവിനഃ
ചത്വാരി തസ്യ വര്‍ദ്ധന്തേ ആയുര്‍വിദ്യാ യശോ ബലം
വൃദ്ധജനങ്ങളെ സേവിക്കുകയും എന്നും അഭിവദിക്കുകയും ചെയ്യുന്നവന് ആയുസ്സും വിദ്യയും യശസ്സും ബലവും അഭിവൃദ്ധിപ്പെടും എന്നു മനു തന്നെ അഭിവാദനമാഹാത്മ്യം പ്രകീര്‍ത്തിക്കുന്നുണ്ട്.
…. തുടരും
















