മോസ്കോ: റഷ്യന്‍ നേതാവ് ബോറിസ് നെംസോവ് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായവരില്‍ ഒരാള്‍ റഷ്യന്‍ മേഖലയായ ചെച്നിയയിലെ പൊലീസ് സേനയില്‍ മുമ്പ് സേവനമനുഷ്ഠിച്ചതായി സംശയിക്കപ്പെടുന്നു. റഷ്യന്‍ വാര്‍ത്താ എജന്‍സികളാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മധ്യ മോസ്കോയിലെ ക്രെംലിന് വാളിനടുത്തു വച്ച് കഴിഞ്ഞ മാസം 27ന് രാത്രിയോടെ നെംസോവ് അജ്ഞാതരുടെ വെടിയേറ്റ് മരണമടയുകയായിരുന്നു.
15 വര്‍ഷമായി പ്രസിഡന്റ് വ്ലാദ്മിര്‍ പുടിന് പ്രധാന രാഷ്ട്രിയ എതിരാളിയായി തുടര്‍ന്ന ഇദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്‍സര്‍ ഗബാന്ഷേവ്, സവൂര്‍ ദദായേവ് എന്നിവരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ ദദായേ പത്തു വര്‍ഷത്തോളം ചെച്നിയ ബറ്റാലിയനിലെ ആഭ്യന്തര മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ചിരുന്നതായി ഇങ്കുഷേറ്റിയാ മേഖലയിലെ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി ആല്‍ബര്‍ട്ട് ബരാകായെവ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍ ചെച്നിയന്‍ അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.
രണ്ടു പ്രതികളും കഴിഞ്ഞ ദിവസം ഈ മേഖലയിലെ ചില ബന്ധു വീടുകളില്‍ തങ്ങിയിരുന്നു. ഗബാന്ഷേവിന്റെ അടുത്ത ബന്ധുവും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അന്വേഷണ സംഘം ഇത് സ്ഥിരീകരിച്ചിട്ടില്ല. ഔദ്യോഗിക അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് ഇവരെ മോസ്കോയിലെ ബസ്മാന്നി കോടതി മുമ്പാകെ ഹാജരാക്കും.
റഷ്യയുടെ തെക്കന്‍ അതിര്‍ത്തിയിലുള്ള ചെച്നിയ പ്രധാനമായും മുസ്ലിം റിപ്പബ്ലിക് ആണ്. രണ്ടു ദശാബ്ദക്കാലത്തോളമായി വിഘടനവാദികളുടെ ആഭ്യന്തര കലാപത്തിന് വേദിയായിരിക്കുകയായിരുന്ന ഈ മേഖല ഇന്ന് മോസ്കോയുമായി അനുരഞ്ജനത്തിലേര്‍പ്പെട്ടിരിക്കുന്ന മുന്‍ വിമതനേതാവ് റംസാന് കദ്യറോവിന്റെ നിയന്ത്രണത്തിലാണ്.
കഴിഞ്ഞ ദിവസം ചെചന്‍ കേന്ദ്രത്തില്‍ വച്ച് പൊലീസ് സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട വ്യക്തിക്കും കൊലപാതകവുമായി ബന്ധമുള്ളതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: