മെല്‍ബണ്‍: ലോകമുത്തശ്ശിക്ക് ഇന്നലെ 117-ാം പിറന്നാളായിരുന്നു. വലിയ വീമ്പു പറച്ചിലൊന്നുമില്ല. എന്താണുതന്റെ ആയുസിന്റെ രഹസ്യമെന്ന് താനും അതിശയിക്കുകയാണെന്നാണ് മിസാവോ ഒകാവാ പറയുന്നത്.
ജപ്പാന്‍കാരിയായ ഒകാവാ ജനിച്ചത് 1898 മാര്‍ച്ച് അഞ്ചിനാണ്. മുത്തശ്ശി പറയുന്നു, ഇത്രയും കാലം ഞാന്‍ ജീവിച്ചുവെന്നത് സത്യമാണ്, പക്ഷേ, സന്തോഷത്തോടെ ജീവിച്ചുവെന്നൊന്നും പറയാനില്ല.
ആയൂര്‍ദൈര്‍ഘ്യത്തിന്റെ പേരില്‍ ഗിന്നസ് റിക്കാര്‍ഡില്‍ കയറിയ ഒകാവക്ക് ഇന്നലെ തിരക്കായിരുന്നു. സമ്മാനങ്ങളുടെ പൂക്കാലമായിരുന്നു. ഈ പ്രായത്തിലും ഒകാവാ ഭക്ഷണം കഴിക്കുന്നുണ്ട്, ആസ്വദിച്ചുതന്നെ. പക്ഷേ, കേള്‍വിക്കുറവാണ് ശല്യം.
1919-ല്‍ യുകിയോവിനെ വിവാഹം ചെയ്ത ഒകാവയ്‌ക്ക് മൂന്നു മക്കള്‍, മക്കളുടെ നാലു മക്കള്‍, അവരുടെ ആറു കൊച്ചുമക്കള്‍… അങ്ങനെ ഒകാവാ സന്തോഷത്തിലാണ് ഈ 117-ലും.
















