ഹിന്ദുക്കളുടെ ബ്രഹ്മവും ജരദുഷ്ടരുടെ അഹുറാ- മസ്ദയും ബൗദ്ധരുടെ ബുദ്ധനും ജൂതരുടെ യഹോവയും ക്രിസ്ത്യാനികളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവും ആയ അവിടുന്ന് ഈ ഉദരാശയം നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് കരുത്തു നല്‍കട്ടെ. (ജ്ഞാന) താരകം കിഴക്കുദിച്ചു; അതു മുറയ്‌ക്കു പടിഞ്ഞാറോട്ടു നീങ്ങി, ചിലപ്പോള്‍ മങ്ങിയും ചിലപ്പോള്‍ തിളങ്ങിയും . ഇങ്ങനെ അതു ഭൂമിയെ ഒന്നുചുറ്റി ഇപ്പോള്‍, ഇതാ, അതേ കിഴക്കന്‍ ചക്രവാളത്തില്‍ പണ്ടെന്നത്തേതിന്റെയും ആയിരം മടങ്ങ് ദീപ്തിയോടുകൂടി ബ്രഹ്മപുത്രാനദീതീരത്തു വീണ്ടും ഉദയം ചെയ്യുന്നു.
സ്വാതന്ത്ര്യത്തിന്റെ ജന്മഭൂവായ കൊംബിയാദേവി! ഭവതി വിജയിച്ചാലും! അയല്‍ക്കാരന്റെ ചെഞ്ചോരയില്‍ ഒരിക്കലും കൈകഴുകാത്ത, അയല്‍ക്കാരനെ കൊള്ളയടിക്കുന്നതില്‍ പണപ്പെരുപ്പത്തിന് കുറുക്കുവഴി കാണാത്ത, ഭവതിക്കാണ് സൗഹാര്‍ദ്ദപതാകയുമേന്തി നാഗരികതയുടെ മുന്‍നിരയില്‍ അണിനടക്കുവാനുള്ള ഭാഗ്യമുണ്ടായത്.
















