ചേര്‍ത്തല: ചേര്‍ത്തല-കോടിമത ടൂറിസം ഹൈവേ പദ്ധതി അനിശ്ചിതത്വത്തില്‍. 14 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതിക്കുള്ള സ്ഥലമേറ്റെടുപ്പ് നടപടികള്‍ പോലും പൂര്‍ത്തിയായില്ല. എക്സ്-റേ ബൈപാസ് മുതല്‍ കോട്ടയം കോടിമത വരെ നാലുവരിപ്പാതയാക്കാന്‍ പദ്ധതിയില്‍ ലക്ഷ്യമിട്ടിരുന്നു. പദ്ധതിയനുസരിച്ച് തണ്ണീര്‍മുക്കം പഞ്ചായത്തില്‍ ആറ്, ഏഴ്, എട്ട്, ഒമ്പത്, 19, 20 വാര്‍ഡുകളിലൂടെയും, നഗരസഭാ 14, 15, 16 വാര്‍ഡുകളിലൂടെയുമാണ് ടൂറിസം ഹൈവേ കടന്നുപോകുന്നത്. 524. 72 ഏക്കര്‍ സ്ഥലമാണ് ടൂറിസം ഹൈവേയ്ക്കായി ഏറ്റെടുക്കേണ്ടത്.
2001ല്‍ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ആരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റെടുക്കേണ്ട സ്ഥലം അളന്ന് കല്ലിട്ടെങ്കിലും മറ്റ് നടപടികളൊന്നും ഇതേവരെ ഉണ്ടായിട്ടില്ല. 2002ല്‍ നടത്തിയ പഠനപ്രകാരം സ്ഥലമേറ്റെടുക്കുന്നതിനുള്ള ചിലവിന് പുറമേ 187 കോടിയാണ് പദ്ധതി ചിലവ് പ്രതീക്ഷിക്കുന്നത്. 2009ല്‍ റോഡിന് 20 കോടി വകയിരുത്തിയിരുന്നെങ്കിലും ധനസമാഹരണ മാര്‍ഗങ്ങളെ കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ല. നാഷണല്‍ ഹൈവേ 47 നെയും, സംസ്ഥാന ഹൈവേ ഒന്നിനേയും ബന്ധിപ്പിച്ച് കുമരകം തണ്ണീര്‍മുക്കം തുടങ്ങിയ പ്രദേശങ്ങളുടെ ടൂറിസം സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.
കോടിമത, കവണാറ്റിന്‍കര, കൈപ്പുഴമുട്ട്, വെച്ചൂര്‍ വഴി നിലവിലുള്ള ചേര്‍ത്തല-തണ്ണീര്‍മുക്കം റോഡിനു തെക്കുവശത്തുകൂടി എക്സ്-റേ കവലയിലെത്തി ദേശീയപാതയില്‍ സംഗമിക്കും. കോടിമത മുതല്‍ കവണാറ്റിന്‍കര വരെ 17.577 ഹെക്ടറും, കവണാര് മുതല്‍ ചേര്‍ത്തല വരെ 54.772 ഹെക്ടര്‍ സ്ഥലവുമാണ് നാലുവരി പാതയ്ക്കായി ഏറ്റെടുക്കേണ്ടത്.
കടലോര ജില്ലയായ ആലപ്പുഴയേയും, മലയോരജില്ലയായ കോട്ടയത്തേയതും ബന്ധിപ്പിക്കുന്ന ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ കോട്ടയം-ചേര്‍ത്തല ടൂറിസം ഹൈവേ വിനോദസഞ്ചാര രംഗത്ത് വലിയ ചലനങ്ങള്‍ ഉണ്ടാക്കുമെന്നായിരുന്നു പ്രതീക്ഷ. 2013 ഫെബ്രുവരിയില്‍ സര്‍വ്വേ നടപടി ആരംഭിച്ചെങ്കിലും ടൂറിസം ഹൈവേ പദ്ധതി അധികൃതര്‍ മറന്നമട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: