എല്ലാ മതസമ്പ്രദായങ്ങളുടെയും കാതല്‍ അവയില്‍നിന്നു കഴമ്പില്ലാത്തതെല്ലാം പൊളിച്ചുമാറ്റി, യഥാര്‍ത്ഥത്തില്‍ അടിസ്ഥാനപരമായതിനു പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ളത് എന്ന് പറഞ്ഞാലായിരിക്കും കുറേക്കൂടി വ്യക്തമായ ഒരാശയം ലഭിക്കുക.
ഞാന്‍ ഒരുത്തമസന്ന്യാസിയായ രാമകൃഷ്ണപരമഹംസരുടെ ശിഷ്യരില്‍ ഒരുവനാണ്. അവിടുത്തെ പ്രഭാവത്തിനും ആശയങ്ങള്‍ക്കും ഞാന്‍ വശഗനായി. ഈ മഹാനായ സന്ന്യാസി ഇതരമതങ്ങളോടു നിഷേധപരമോ വിമര്‍ശനപരമോ ആയ ഭാവം സ്വീകരിച്ചിരുന്നില്ല; അവിടുന്ന് അവയുടെ സഹായവശം അവയെങ്ങനെ ജീവിതത്തില്‍ കൊണ്ടുവരുമെന്നും അനുഷ്ഠിക്കാമെന്നും കാണിച്ചുതന്നു.
ലോകം സ്‌നേഹംകൊണ്ടു ചലിക്കുന്നുവെന്ന സത്യത്തില്‍ പ്രതിഷ്ഠിതമായ അവിടുത്തെ ഉപദേശത്തിനു കടകവിരുദ്ധമാണ് കലഹിക്കുന്നത്, വിരുദ്ധഭാവം സ്വീകരിക്കുന്നത്. ഹിന്ദുമതം ഒരിക്കലും പരമതമര്‍ദ്ദനം ചെയ്യുന്നില്ലെന്നു നിങ്ങള്‍ക്കറിയാം.
സര്‍വ്വമതവിഭാഗക്കാര്‍ക്കും സമാധാനത്തിലും മൈത്രിയിലും വര്‍ത്തിക്കാവുന്ന നാടാണത്. മുഹമ്മദീയരാണ് അവരുടെ കൂടെ കൊലയും കശാപ്പും കൊണ്ടുവന്നത്. അവരുടെ വരവുവരെ ശാന്തി പുലര്‍ന്നിരുന്നു.
അങ്ങനെ, ഈശ്വരനില്‍ വിശ്വസിക്കാത്തവരും, അത്തരം വിശ്വാസം ഒരു ഭ്രാന്തിയാണെന്നു കരുതുന്നവരുമായ ജൈനരെ വളരാന്‍ സമ്മതിച്ചിരുന്നു. അവരിന്നും അവിടെയുണ്ട്. യഥാര്‍ത്ഥശക്തിയുടെ ഉദാഹരണം ഭാരതം നല്‍കുന്നു. അതായത് തിതിക്ഷ. എടുത്തുചാട്ടം, മുന്നേറ്റം, അടിപിടി. ഈ വകയൊക്കെ ദുര്‍ബലതയാണ്.
















