യോണ്‍ടി : നൈജീരിയന്‍ അതിര്‍ത്തിക്കടുത്ത് കാമറൂണിലെ തോറോയില്‍ നിന്നും 30 ബസ് യാത്രക്കാരെ ബോക്കോ ഹറം ഭീകരര്‍ തട്ടിക്കൊണ്ടുപോയി. നൈജീരിയയും കാമറൂണും തമ്മില്‍ അതിര്‍ത്തി പങ്കിടുന്ന മേഖലയായ കോസായില്‍ വച്ചാണ് ബസ് ഭീകരര്‍ തട്ടിയെടുത്തത്.
ബസിനുള്ളില്‍ ഉണ്ടായിരുന്നവര്‍ എല്ലാം സാധാരണക്കാരായ കച്ചവടക്കാരും മറ്റു പണികള്‍ ചെയ്തു ജീവിക്കുന്നവരുമാണ്. ബസില്‍ 30 ആളുകളില്‍ അധികം ഉണ്ടെന്നാണു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രണ്ട് ദിവസം മുന്‍പ് കെരാവ നഗരത്തില്‍ ബോക്കോ ഹറം തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ 9 കാമറൂണ്‍ സൈനികര്‍ക്ക് പരിക്കേറ്റിരുന്നു . കഴിഞ്ഞ ജനുവരി 1 ന് 11 ബസ് യാത്രക്കാരെ ഭീകരര്‍ വധിച്ചിരുന്നു.
നൈജീരിയന്‍ ഭീകര സംഘടനയായ ബോക്കോ ഹറാം അയല്‍രാജ്യങ്ങളായ കാമറൂണ്‍ ഉള്‍പ്പെടെയുള്ള സമീപ രാജ്യങ്ങളിലേക്കു തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപിക്കുകയാണ്. അടുത്തിടെ ബോക്കോ ഹറാമിനെതിരേയുള്ള ആക്രമണം നൈജീരിയയുമായി അതിര്‍ത്തി പങ്കിടുന്ന കാമറൂണും നൈജറും പോലെയുള്ള രാജ്യങ്ങള്‍ ശക്തമാക്കിയിരുന്നു.















