കുണ്ടറ: കേരളപുരം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടപ്പാക്കിവരുന്ന പാഠ്യേതര പരിപാടിയായ ‘നാട്ടുമരത്തണലില്‍’’മൂന്നാമത്തെ അതിഥികളായെത്തിയത് സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച കുടുംബമാണ്.
സംഗീതത്തിലെ റാങ്ക് ജേതാവ് കുണ്ടറ പെരുമ്പുഴ തൃക്കോയിക്കല്‍ മഠത്തില്‍ ആശ പ്രവീണ്‍ ശര്‍മ്മയും, ശലഭരാജാ ജേതാവായ മകന്‍ ആനന്ദ് ഭൈരവ് ശര്‍മ്മയും അച്ഛന്‍ മൃദംഗത്തില്‍ റാങ്ക് നേടിയ പ്രവീണ്‍ ശര്‍മ്മയുമാണ്.
മനുഷ്യത്വവും സ്‌നേഹവും സഹാനുഭൂതിയും മനസില്‍ നിറച്ച് ഒരു നല്ല മനുഷ്യനാകണമെങ്കില്‍ കലയുടെ സാന്നിദ്ധ്യം ഒപ്പം ഉണ്ടാകണമെന്നും നല്ല മനുഷ്യരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ യാതൊരു പ്രയോജനവുമില്ലെന്നും സംഗീത കുടുംബം കുട്ടികളെ ഓര്‍മ്മിപ്പിച്ചു.
സംഗീതത്തിന്റെ വിവിധ തലങ്ങളും വാദ്യമേളത്തിന്റെ താളക്രമങ്ങളും കുട്ടികളെ പരിചയപ്പെടുത്തി. അഷ്ടപദി ആലപിച്ചും, കീര്‍ത്തനങ്ങളും കര്‍ണ്ണാടക സംഗീത കൃതികളും ആശയും ഭൈരവും പാടി. ഹെഡ്മിസ്ട്രസ് മോളിന്‍ എ. ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ചന്ദ്രബാബു, കമറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
















