എല്ലാം ഭൗതികമെന്നു പറഞ്ഞ് പരിത്യാഗമെന്ന നാട്യത്തില്‍ ഭഗവത്‌സേവനത്തിനുപയോഗിക്കാവുന്നവപോലും തിരസ്‌കരിക്കുന്ന ചിലരുണ്ട്. ഇതു വ്യര്‍ഥമാണ്. ഭൗതികലോകത്തിലുള്ളതെല്ലാം നമ്മുടെ സുഖത്തിനും ഇന്ദ്രിയസന്തര്‍പ്പണത്തിനും വേണ്ടിയുള്ളതല്ല. ഭഗവത് സേവനത്തിനുള്ളതാണ്.
അതീന്ദ്രിയാവബോധത്തില്‍ അഥവാ അതീതാവബോധത്തില്‍ സ്ഥിതിചെയ്യുന്നവന്റെ മനോഭാവമാണിത്. ഈ അവബോധത്തില്‍ അനുഷ്ഠിക്കുന്ന സര്‍വകര്‍മ്മങ്ങളും യഥാര്‍ത്ഥ പരിത്യാഗമാണ്. അഥവാ യുക്തവൈരാഗ്യമാണ്; ഇതിനു വിപരീതമാണ് കപടവൈരാഗ്യം അഥവാ ഫല്ഗുവൈരാഗ്യം.
ഈ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ജുനനു നല്‍കുന്ന ഉപദേശത്തിലൂടെ, അപ്രകാരം തന്നെ പ്രവര്‍ത്തിക്കാന്‍ ഭഗവാന്‍ നമ്മോടും കല്പിക്കുന്നു. ഈ ഉപദേശം പ്രാവര്‍ത്തികമാക്കുക എന്നത് നമ്മുടെ ധര്‍മമാണ്. ഫലം എന്തുതന്നെയായാലും ഇത്തരം കര്‍മങ്ങള്‍ സര്‍വമംഗളദായകമെന്നു നമുക്ക് ബോധ്യം വേണം.
















