പരാധീനമാവുകയെന്നത് ഭാരതത്തിന്റെ കര്‍മ്മം, അതിന്റെ വിധി, ആയിരുന്നു; തന്റെ ഊഴത്തിനു തന്റെ ജേതാവിനെ ജയിക്കയെന്നതും. തന്റെ മുഹമ്മദീയജേതാക്കളോടു ഭാരതം അതു പണ്ടേ ചെയ്തുകഴിഞ്ഞിരിക്കുന്നു. അഭ്യസ്തവിദ്യരായ മുഹമ്മദീയര്‍ സൂഫികളാണ്, അവരെ ഹിന്ദുക്കളില്‍നിന്നു വേര്‍തിരിച്ചറിയുക നന്നെ പ്രയാസം. ഹൈന്ദവചിന്ത അവരുടെ നാഗരികതയില്‍ ആസകലം വ്യാപിച്ചിരിക്കുന്നു. അവര്‍ അദ്ധേ്യതാക്കളുടെ നില സ്വീകരിച്ചു.
മഹാനായ മുഗള്‍ചക്രവര്‍ത്തി അക്ബര്‍ മിക്കവാറും ഒരു ഹിന്ദുവായിരുന്നു. ഇനി, അതിന്റെ ഊഴത്തിന് ഇംഗ്ലണ്ടും കീഴടക്കപ്പെടും. ഇന്ന് ഇംഗ്ലണ്ടിനു വാളുണ്ട്; പക്ഷേ അതു ചിന്താലോകത്തില്‍ കാശിനു കൊള്ളില്ല. ഭാരതീയ ചിന്തയെപ്പറ്റി ഷോപ്പനര്‍ പറഞ്ഞതെന്തെന്നു നിങ്ങള്‍ക്കറിയാം. തമോയുഗങ്ങള്‍ക്കുശേഷം ഗ്രീക്ക്-ലത്തീന്‍ സംസ്‌കാരങ്ങളുടെ പുനരുദ്ധാരണംപോലെ സുപ്രധാനമായ ഒന്നായിരിക്കും, യൂറോപ്പില്‍ ഭാരതീയ ചിന്തയുടെ പ്രഭാവം. അതുവേണ്ടപോലെ അറിഞ്ഞുവരുമ്പോള്‍, എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിട്ടുണ്ട്.
















