അമ്മാന്‍: തങ്ങള്‍ തടവിലാക്കിയ ജോര്‍ദ്ദാനിയന്‍ പൈലറ്റിനെ ഐസിസ് ഭീകരര്‍ ചുട്ടുകൊന്നതിന് ജോര്‍ദാന്റെ ശക്തമായ തിരിച്ചടി. ഭീകരവനിതയടക്കം രണ്ട് ഐസിസ് ഭീകരരെ ഉടന്‍ തൂക്കിക്കൊന്നാണ് ജോര്‍ദാന്‍ പ്രതികരിച്ചത്. സാജിദാ അല്‍ റിഷാവി, സിയാദ് അല്‍ കര്‍ബൗളി എന്നിവരെയാണ് തൂക്കിലേറ്റിയത്.
പൈലറ്റ് ലഫ്റ്റനന്റ് മുത്താ അല്‍ കസേബയെയാണ് ഐസിസ് ഭീകരര്‍ കഴിഞ്ഞ രാത്രിയില്‍ ജീവനോടെ ചുട്ടുകൊന്നത്. മാത്രമല്ല ഇരുമ്പു കൂട്ടിലിട്ട് കത്തിച്ചുകൊല്ലുന്നതിന്റെ ഭീകരദൃശ്യങ്ങള്‍ ഐസിസ് പുറത്തുവിടുകയും ചെയ്തു. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നയുടന്‍ ജോര്‍ദാന്‍ അധികൃതര്‍ തടവിലുണ്ടായിരുന്ന ഭീകരവനിത സാജിദയേയും മറ്റൊരു ഭീകരന്‍ സിയാദിനെയും തൂക്കിലേറ്റുകയും ഈ വിവരം പ്രഖ്യാപിക്കുകയുമായിരുന്നു.
പൈലറ്റിനെ മോചിപ്പിക്കാന്‍ സാജിദയെ വിട്ടയക്കണമെന്ന ആവശ്യമാണ് ഭീകരര്‍ ഉന്നയിച്ചിരുന്നത്.
ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നു. മോചനത്തിനുള്ള നടപടികള്‍ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ഐസിസ് ഭീകരര്‍ പൈലറ്റിനെ ചുട്ടുകൊന്ന് ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. അതോടെ ജോര്‍ദാനും ശക്തമായി പ്രതികരിക്കുകയായിരുന്നു. വധിക്കപ്പെട്ട രണ്ടു ഭീകരരും അല്‍ഖ്വയ്ദ നേതാക്കളാണ്.
ചാവേറാക്രമണത്തിനിടെയാണ് ശ്രമത്തിനിടെയാണ് സാജിദ പിടിയിലായത്. 2005ല്‍ അമ്മാനിലെ ഹോട്ടലില്‍ സാജിദയും കൂട്ടരും നടത്തിയ ബോംബാക്രമണത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2008ല്‍ ഇറാഖിലുള്ള ജോര്‍ദാന്‍കാരെ കൊല്ലാന്‍ പദ്ധതിയിട്ടതിനാണ് കൗര്‍ബൗളിയെ അറസ്റ്റ് ചെയ്തിരുന്നത്. ഇരുവരും വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് അമ്മാനിലെ ജയിലില്‍ കഴിയുകയായിരുന്നു.
ഇവര്‍ തൂക്കുമരം പ്രതീക്ഷിച്ച് ജയിലില്‍ കഴിയുമ്പോഴാണ് ജോര്‍ദാന്‍ പൈലറ്റ് ഭീകരരുടെ കൈയില്‍ പെട്ടത്. സിറിയില്‍ പൈലറ്റ് ലഫ്റ്റനന്റ് മുത്താ അല്‍ കസേബ പറത്തിയിരുന്ന വിമാനം തകര്‍ന്നുവീണ് ഇദ്ദേഹം ഐസിസ് ഭീകരരുടെ കൈയില്‍ അകപ്പെടുകയായിരുന്നു.
തുടര്‍ന്ന് ഐസിസ് ഭീകരര്‍ പൈലറ്റിനെ വച്ച് സാജിദയെ മോചിപ്പിക്കാന്‍ വില പേശുകയായിരുന്നു.
26 കാരനായ പൈലറ്റിനെ ചുട്ടുകൊല്ലുന്ന ദൃശ്യങ്ങള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. സിറിയയിലും ഇറാഖിലും ഐസിസ് ഭീകരര്‍ക്ക് എതിരെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന പോരാട്ടത്തിലാണ്. ജോര്‍ദാനും സഖ്യസേനയില്‍ അംഗമാണ്. ഇതാണ് ഐസിസ് ഭീകരരെ പ്രകോപിപ്പിച്ചത്.
കഴിഞ്ഞ ദിവസം രണ്ടു ജപ്പാന്‍കാരെ ഐസിസ് ഭീകരര്‍ വധിച്ചിരുന്നു.
















