മരട്: മരട് നഗരസഭ പ്രദേശത്തെ 9 ഡിവിഷനുകളിലൂടെ കടന്നുപോകുന്ന അയിനിത്തോട് സംരക്ഷണത്തിനായി നഗരസഭ ക്രിയാത്മക നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. കയ്യേറ്റമൊഴിപ്പിച്ച് 6 മാസത്തിനുള്ളില്‍ വെള്ളക്കെട്ടൊഴിവാക്കണമെന്ന് 2005ല്‍ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും പഞ്ചായത്ത്-മുനിസിപ്പല്‍ അധികാരികള്‍ കോടതിവിധിയെ അട്ടിമറിക്കുന്നതിനുള്ള തന്ത്രങ്ങള്‍ മാറിമാറി പ്രയോഗിക്കുകയാണ്.
തുടക്കത്തില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നിയമാനുസൃതം നല്‍കാതെ ട്രിബ്യൂണലില്നിന്നും സ്റ്റേ കിട്ടാന്‍ സൗകര്യം ചെയ്തുകൊടുത്തെങ്കിലും കൃത്യമായി ചട്ടങ്ങള്‍ പാലിച്ച് ഒഴിപ്പിക്കല്‍ നടത്താന്‍ ട്രിബ്യൂണല്‍ അനുവാദം നല്കി. അപ്പോഴും നടപടികളില്‍ അതേ പിഴവുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഹൈക്കോടതി സ്റ്റേനല്‍കി. അവസാനം ഹൈക്കോടതിയും കയ്യേറ്റക്കാരുടെ അപ്പീലുകള്‍ തള്ളി അളവുകളുടെ അടിസ്ഥാനത്തില്‍ ഒഴിപ്പിക്കലുമായി മുന്നോട്ടുപോകാന്‍ വിധിയായി.
2014ല്‍ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേസിനില്ലാത്തവരുടെ കാര്യത്തില്‍ ഒഴിപ്പിക്കല്‍ ആരംഭിക്കാന്‍ മരട് മുനിസിപ്പാലിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടും കയ്യേറ്റം ഒഴിപ്പിക്കല്‍ ഇനിയും തുടങ്ങിയിട്ടില്ല. 27.03.2010ല്‍ പഞ്ചായത്ത് സെക്രട്ടറി തഹസില്‍ദാറില്‍നിന്നും രേഖാമൂലം നേരിട്ട് കൈപ്പറ്റിയതും അയിനിത്തോട് സംരക്ഷണസമിതി കണ്‍വീനര്‍ക്ക് വിവരാവകാശ നിയമപ്രകാരം ഈയിടെ കോപ്പി കൈമാറിയതുമായ താലൂക്ക് സപ്ലയര്‍ സ്ഥലം അളന്ന് തയ്യാറാക്കിയ ‘എന്ക്രോച്ചുമെന്റ് സ്കെച്ച്’ നഗരസഭാ ഓഫീസില്‍നിന്നും അപ്രത്യക്ഷമായിരിക്കുന്നു.
ഇതിനായി വീണ്ടുമിപ്പോള്‍ തഹസില്‍ദാര്‍ക്ക് കത്തെഴുതിയിരിക്കുകയാണ്. 70ഓളം കയ്യേറ്റങ്ങള്‍ കണ്ടെത്തിയതില്‍ 7 പേര് ഒഴികെ മറ്റാരും ഒരുഘട്ടത്തിലും കോടതിയെ സമീപിച്ചിട്ടില്ല. ധനാഢ്യനായ ഒരു വ്യവസായിയുടെ കയ്യേറ്റം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഭരണകൂടം പുതിയ തന്ത്രവുമായി എത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് കൂടുതല്‍ പരിസ്ഥിതി-ജനാധിപത്യവാദികളെ കൂട്ടിയോജിപ്പിച്ചുകൊണ്ട് മറ്റ് സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് അയിനിത്തോട് സംരക്ഷണസമിതി പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: