കുളത്തുപ്പുഴ: അരിപ്പയില്‍ ആദിവാസി ദളിത് മുന്നേറ്റസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിലേറെയായി തുടര്‍ന്നുവരുന്ന ഭൂസമരം അട്ടിമറിക്കുന്നതിന് ഗുണ്ടാസംഘങ്ങളുടെ ആക്രമണം പതിവാകുന്നു. ഭരണകൂടം ഇവര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുകയാണെന്ന് ആദിവാസി ദളിത് മുന്നേറ്റസമിതി സംസ്ഥാനപ്രസിഡന്റും അരിപ്പഭൂസമര നേതാവുമായ ശ്രീരാമന്‍ കൊയ്യോന്‍ പറഞ്ഞു.
കഴിഞ്ഞദിവസം പുലര്‍ച്ചെ ചാമ്പല്‍ ജലീല്‍ എന്നയാളുടെ നേതൃത്വത്തില്‍ പത്തംഗസംഘം വടിവാളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി സമരഭൂമിയില്‍ അതിക്രമിച്ച് കയറി. ആദിവാസി കുട്ടികളുടെ പഠനത്തിന് വേണ്ടി നിര്‍മ്മിച്ച ഗോത്രപാഠശാല ആക്രമിക്കുകയും ഇരുപത്തിഅഞ്ചോളം കസേരകളും ബ്ലാക്ക് ബോര്‍ഡും നശിപ്പിക്കുകയും ചെയ്തു.
സമരപ്രവര്‍ത്തകന്‍ ചെല്ലപ്പന്റെ കഴുത്തിന് കത്തിവച്ച് ഭീഷണിപ്പെടുത്തി. പോലീസിന്റെ ഭാഗത്തുനിന്നുള്ള നിഷ്‌ക്രിയത്വം ഗുണ്ടാസംഘങ്ങള്‍ക്ക് സഹായകമാകുകയാണെന്നും ഗോത്രപാഠശാല ആക്രമിച്ചവര്‍ക്കെതിരെ പട്ടികജാതിവര്‍ഗ പീഡനനിരോധന നിയമപ്രകാരം കേസെടുക്കണമെന്നും പുനലൂര്‍ എഎസ്പിക്കു നല്‍കിയ പരാതിയില്‍ പറയുന്നു.
















