മഞ്ഞള്ളൂര്‍: ജില്ലയിലെ ആദ്യ സേവാഗ്രാം ഗ്രാമകേന്ദ്രത്തിന് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ മഞ്ഞള്ളൂരില്‍ തുടക്കമായി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് ലഭിക്കുന്നതിനാണ് സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കുന്നത്. മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ആരംഭിച്ച കേന്ദ്രം ജോസഫ് വാഴക്കന് എംഎല്‍എ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
വാര്‍ഡ് അംഗങ്ങള്‍ക്കാണ് സേവാഗ്രാം ഗ്രാമകേന്ദ്രങ്ങളുടെ ചുമതല. വാര്‍ഡ് അംഗങ്ങള്‍ക്കുള്ള ഓഫീസായും ഗ്രാമകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കും. ജനനമരണ, വിവാഹ രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റുകള്‍ കാലതാമസമില്ലാതെ അപേക്ഷകന് ലഭിക്കും. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പ്രത്യേക ഫീസോ പണമോ അടയ്ക്കേണ്ട. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ പരിശോധിച്ച് ഉടന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. പഞ്ചായത്തില്‍ നിന്നു ലഭിക്കുന്ന എഴുപതു ശതമാനം സേവനങ്ങളും ഗ്രാമകേന്ദ്രങ്ങളിലൂടെ ലഭിക്കും.
മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്ന് വാര്‍ഡുകളിലെയും ഗ്രാമകേന്ദ്രങ്ങളുടെയും ഉദ്ഘാടനം നടന്നു. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ശേഷിക്കുന്ന ഗ്രാമപഞ്ചായത്തുകളുടെ വാര്‍ഡുകളില്‍ ജനുവരി 26നകം ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഇതോടെ സമ്പൂര്‍ണ്ണ സേവാഗ്രാം പദ്ധതി നടപ്പാക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്താകും മുവാറ്റുപുഴ.
അധികാര വികേന്ദ്രീകരണം ഏറ്റവും താഴെതട്ടില്‍ വരെ എത്തിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഗ്രാമ കേന്ദ്രം ഉദ്ഘാടനം ചെയ്തുകൊണ്ട് മുവാറ്റുപുഴ എംഎല്‍എ ജോസഫ് വാഴയ്ക്കന് പറഞ്ഞു. മഞ്ഞളളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ടോമി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസ് പെരുമ്പള്ളിക്കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: