ശാസ്ത്രം ഐക്യദര്‍ശനമല്ലാതൊന്നുമല്ല. പൂര്‍ണമായ ഐക്യം പ്രാപിക്കുന്നതോടെ മുന്നേറ്റം മുട്ടി ശാസ്ത്രം നിന്നുപോകും. എന്തെന്നാല്‍ അതു ലക്ഷ്യത്തിലെത്തും. മറ്റെല്ലാം ഉളവാക്കുന്ന ഏകഭൂതത്തെ കണ്ടെത്തിയാല്‍ രസതന്ത്രത്തിന് പിന്നെ മുന്നേറാന്‍ വയ്യ.
മറ്റൊക്കെ പ്രകാശിപ്പിക്കുന്ന ഏകശക്തി കണ്ടെത്തുന്നതില്‍ തന്‍കാര്യം നിറവേറ്റാനായാല്‍ ഊര്‍ജതന്ത്രം നിന്നുപോകും.
മരണപ്രപഞ്ചത്തിലെ ഒരൊറ്റ ചൈതന്യത്തെ, എപ്പോഴും മാറുന്ന ലോകത്തിന്റെ മാറാത്ത ഒറ്റച്ചുവടിനെ, എല്ലാ ജീവന്മാര്‍ക്കും മിഥ്യാസത്തയെ നല്‍കുന്ന ഒരേയൊരു പരമാത്മാവിനെ അവിടുത്തെ കണ്ടെത്തിയാല്‍ അദ്ധ്യാത്മശാസ്ത്രവും പൂര്‍ണതയെ പ്രാപിക്കും.
ഇങ്ങനെയാണ് നാനാത്വത്തിലും അദ്വൈതത്തിലുംകൂടി ആത്യന്തികൈക്യം പ്രാപിക്കുന്നത്. ഇതിനപ്പുറം മതത്തിനു പോകാനാവില്ല. ഇതാണ് സര്‍വ്വശാസ്ത്രലക്ഷ്യം.
















