കുന്നത്തൂര്‍: സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ ആഹ്വാനം ചെയ്ത വഴിതടയല്‍ സമരത്തില്‍ പങ്കെടുക്കാന്‍ ആളില്ലാത്തതിനാല്‍ സമരം ഉപേക്ഷിച്ചു. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കുന്നില്ലായെന്നാരോപിച്ച് വ്യാഴാഴ്ച വൈകിട്ട് നാലു മുതല്‍ 4.10 വരെ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനത്ത് റോഡ് ഉപരോധിക്കാനായിരുന്നു ആഹ്വാനം.
കുന്നത്തൂര്‍ താലൂക്കിലെ സമരം ഭരണിക്കാവ് ജംഗ്ഷനില്‍ നടത്താനായിരുന്നു ഡിവൈഎഫ്‌ഐ തീരുമാനം. അതിനായി നേതാക്കള്‍ സ്ഥലത്തെത്തിയെങ്കിലും പത്തില്‍ താഴെ അണികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. തുടര്‍ന്ന് നേതാക്കള്‍ ആളെകൂട്ടാന്‍ പലരെയും ബന്ധപ്പെടുകയും അരമണിക്കൂറോളം ജംഗ്ഷനില്‍ കാത്തുനില്‍ക്കുകയും ചെയ്തു.
പരിപാടി ഉദ്ഘാടനം ചെയ്യാന്‍ നിശ്ചയിച്ചിരുന്ന ഏരിയാ സെക്രട്ടറിപോലും സ്ഥലത്തെത്തിയില്ല. തുടര്‍ന്ന് റോഡ് ഉപരോധിക്കാന്‍ ആളെ തികയാത്തതിനാല്‍ സമരം ഉപേക്ഷിച്ച് നേതാക്കള്‍ സ്ഥലം വിട്ടു. കഴിഞ്ഞ കുറേനാളുകളായി ഡിവൈഎഫ്‌ഐ കുന്നക്കൂര്‍ താലൂക്കിലെ സമരപരിപാടികള്‍ അണികളുടെ കുറവുമൂലം ഉപേക്ഷിക്കുകയാണ്. സാധാരണ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണവും മറ്റും നല്‍കിയാണ് സമരത്തില്‍ പങ്കെടുപ്പിക്കുന്നത്.
















