127. ലയവൃദ്ധിവിവര്‍ജിതാഃ – ലയവും വൃദ്ധിയും ഇല്ലാത്തവള്‍. ലയവും വൃദ്ധിയും ഒഴിവാക്കാനാകാത്ത പ്രകൃതിനിയമങ്ങളാണ്. മനസ്സിലാക്കാന്‍ എളുപ്പമുള്ള ഉദാഹരണമായി മനുഷ്യശരീരത്തെത്തന്നെ സ്വീകരിക്കാം.
ശിശുവിന്റെ ശരീരം പഞ്ചഭൂതനിര്‍മ്മിതമാണ്. ചുറ്റുപാടുകളില്‍നിന്ന് പഞ്ചഭൂത നിര്‍മ്മിതമായ ആഹാരവും വായുവും ജലവും മറ്റും സ്വീകരിച്ച് ശരീരം വളരുന്നു. ഈ വളര്‍ച്ചയെ വൃദ്ധി എന്നുപറയാം. ജീവിതത്തിന്റെ ഒരു ഘട്ടം കഴിയുമ്പോള്‍ ശരീരം സ്വീകരിക്കുന്നതിലധികം ശരീരത്തില്‍നിന്നു ചുറ്റുപാടുകളിലേയ്‌ക്കു വ്യാപിച്ചു ലയിക്കുന്നു.
സ്വീകരിക്കുന്നതു കൂടുതലും പുറത്തുപോകുന്നതു കുറവുമാകുമ്പോള്‍ ശരീരം വളരും. ഇത് വൃദ്ധി. സ്വീകരിക്കുന്നതു കുറവും പുറന്തള്ളുന്നതു കൂടുതലുമാകുന്നതു ലയം. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുവിലും ജീവിയിലും സമൂഹത്തിലും വൃദ്ധിയും ലയവും അനുസ്യൂതമായി നടന്നുകൊണ്ടേയിരിക്കുന്നു. സര്‍വാധാരവും സര്‍വകാരണവുമായ പരാശക്തി ലയത്തിനും വൃദ്ധിക്കും കാരണമാണെങ്കിലും അവയ്‌ക്ക് അതീതമാണ്.
128. ഹ്രീംകാരാലാപനപ്രീതാഃ – ഹ്രീം എന്ന മന്ത്രാക്ഷരം ജപിക്കുന്നതുകൊണ്ടു പ്രീതയാകുന്നവള്‍. ഹ്രീംകാരം ദേവീപ്രണവമാണെന്നു മുമ്പു പറഞ്ഞു. ശാക്തേയമന്ത്രങ്ങളില്‍ പലതിലും ഹ്രീം ഒരു മുഖ്യഘടകമാണ്. ഹ്രീംകാരമോ ഹ്രീംകാരം ചേര്‍ന്ന മന്ത്രമോ ജപിക്കുന്നതും ഹ്രീംകാരയുക്തമായ സ്‌തോത്രങ്ങള്‍ ആലപിക്കുന്നതും ദേവീപ്രീതികരമാണ്.
129. ഹ്രീംകാരപരസൗഖ്യദാഃ – ഹ്രീംകാരപരമായ സൗഖ്യം നല്‍കുന്നവള്‍. ഹ്രീം പരാശക്തി പ്രതീകമാണ്. പരാശക്തിയില്‍ ജീവാത്മാവും വിലയം പ്രാപിക്കുന്ന കൈവല്യമാണ്. ഹ്രീംകാരപരസൗഖ്യം അതുതന്നനുഗ്രഹിക്കുന്നവളാണു മൂകാംബികാദേവി.
…തുടരും
















