തൃശൂര്‍: ദേവസ്വം ജീവനക്കാരനാകാന്‍ ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ നടപടിയെടുക്കാതെ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഒളിച്ചുകളി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തില്‍ ആള്‍മാറാട്ടം സ്ഥിരീകരിച്ചെങ്കിലും സംഭവം ഒതുക്കിത്തീര്‍ക്കാനാണ് ദേവസ്വം അധികൃതരുടെ ശ്രമം.
ദേവസ്വം ഇലക്ട്രിക് വിഭാഗത്തിലെ സെക്കന്റ് ഗ്രേഡ് ഓവര്‍സിയറായിരുന്ന തൃശൂര്‍ കണ്ടശ്ശാംകടവ് സ്വദേശി ആള്‍മാറാട്ടം നടത്തിയാണ് ജോലി നേടിയതെന്നാണ് രഹസ്യന്വേഷണ വിഭാഗം കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈ നാലിന് ഇദ്ദേഹം ഡ്യൂട്ടിക്കിടെ കുഴഞ്ഞ് വീണ് മരിച്ചിരുന്നു. എന്നാല്‍ കുടുംബാംഗങ്ങള്‍ പത്രത്തില്‍ നല്കിയ ചരമ പരസ്യത്തില്‍ മറ്റൊരു പേരാണ് പരേതന്റേതായി ചേര്‍ത്തിരുന്നത്. കുടുംബാംഗങ്ങള്‍ നല്‍കിയതാണ് യഥാര്‍ത്ഥ പേരെന്നും സഹോദരന്റെ പേരില്‍ ദേവസ്വം അധികൃതര്‍ ജോലി നല്‍കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ വ്യക്തമായി.
സര്‍വ്വീസിലിരിക്കെ മരണപ്പെട്ടതിനാല്‍ ആശ്രിത നിയമനത്തിനുള്ള നീക്കവും നടക്കുകയാണ്. പരാതിയെ തുടര്‍ന്ന് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം പെന്ഷന് ആനുകൂല്യങ്ങള്‍ തത്കാലത്തേക്ക് തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ നവംബര്‍ 17ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിഷയം ദേവസ്വം ബോര്‍ഡിന് മുന്നിലെത്തിയിട്ട് രണ്ട് മാസത്തോളമായി. ആള്‍മാറാട്ടം സ്ഥിരീകരിച്ചിട്ടില്ലെന്നും പരിശോധിച്ച് വരികയാണെന്നുമാണ് ഇപ്പോഴും ദേവസ്വം അധികൃതര്‍ പറയുന്നത്. മാനുഷിക പരിഗണനയെന്ന വാദമുയര്‍ത്തിയും നടപടി അട്ടിമറിക്കാന്‍ നീക്കമുണ്ട്.
ദേവസ്വം നിയമനത്തിലെ അഴിമതി വ്യക്തമാക്കുന്നതാണ് സംഭവം. ദേവസ്വം അധികൃതരുടെ ഒത്താശയോടെയാണ് വിവാദ നിയമനം നടന്നത്. ആള്‍മാറാട്ടം തെളിഞ്ഞാല്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെയും നടപടിയെടുക്കേണ്ടി വരും. ഇത്തരത്തില്‍ നിരവധി ആളുകള്‍ ദേവസ്വത്തില്‍ ജോലി നേടിയതായും ആരോപണം ഉയരുന്നുണ്ട്. കേരള സര്‍വ്വീസ് റൂള്‍ ബാധകമാക്കാതെ ഓരോ ഭരണസമിതിയും നിയമവിരുദ്ധമായി സ്വന്തക്കാരെ തിരുകിക്കയറ്റുകയാണ് ചെയ്യുന്നത്. ക്ഷേത്ര സുരക്ഷയെപ്പോലും അപകടത്തിലാക്കിയാണ് നിയമനങ്ങളിലെ രാഷ്ട്രീയ വീതംവെപ്പ്. ജീവനക്കാരുടെ കൃത്യമായ വിവരങ്ങള്‍ പോലും സൂക്ഷിക്കാറില്ല. മറ്റ് സംസ്ഥാനങ്ങളിലെ തുല്യതാ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയും യോഗ്യരല്ലാത്ത പത്തോളം പേര് നിയമനവും പ്രൊമോഷനും നേടിയിട്ടുണ്ട്. സ്ത്രീ പീഡനം, മോഷണം, അക്രമം തുടങ്ങിയ കുറ്റങ്ങള്‍ക്ക് നടപടിക്ക് വിധേയരായവരെ പുറത്താക്കാതെ സ്ഥാനക്കയറ്റം നല്‍കുന്നതും പതിവാണ്.
ആള്‍മാറാട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ ജീവനക്കാരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ കൈക്കൊള്ളണമെന്നും നിയമനത്തിന് മുന്‍പ് പോലീസ് വെരിഫിക്കേഷന് നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ അന്വേഷണം നടത്താന്‍ പോലും തയ്യാറാകാതെ ഭക്തജനങ്ങളെ വെല്ലുവിളിക്കുകയാണ് ദേവസ്വം ബോര്‍ഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: