കുന്നത്തൂര്‍: ശൂരനാട് തെക്ക് പതാരം സര്‍വീസ് സഹകരണബാങ്കിന് സമീപം പ്രവര്‍ത്തിക്കുന്ന എആര്‍ഡി 104 നമ്പര്‍ റേഷന്‍ കടയില്‍ നിന്നും കടത്താന്‍ ശ്രമിച്ച 57 ചാക്ക് റേഷന്‍സാധനങ്ങള്‍ ശൂരനാട് പോലീസ് പിടികൂടി. നൗഷാദിന്റെ ലൈസന്‍സിയിലുള്ള റേഷന്‍കടയില്‍ നിന്നും വ്യാഴാഴ്ച രാത്രി സാധനങ്ങള്‍ കടത്തുന്നതായി രഹസ്യവിവരം ലഭിച്ച ശൂരനാട് പോലീസ് സ്ഥലത്തെത്തുകയും എസ്‌ഐ സുനികുമാറിന്റെ നേതൃത്വത്തില്‍ സാധനങ്ങളും അവ കടത്താന്‍ ശ്രമിച്ച മിനിലോറിയും കസ്റ്റഡിയിലെടുത്തു.
പിന്നീട് സ്ഥലത്തെത്തിയ സപ്ലൈവകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുകയും 49 ചാക്ക് അരിയും എട്ട് ചാക്ക് ഗോതമ്പും കണ്ടെത്തി. റേഷന്‍കട ലൈസന്‍സി നൗഷാദ് (35), സഹായി തുളസി (58) എന്നിവരെ അറസ്റ്റു ചെയ്തു. വാഹനത്തിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. പ്രതികളെ ഇന്ന് ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കും.
















