തൃശൂര്‍: ഒല്ലൂര്‍ വികസനവുമായി ബന്ധപ്പെട്ട് കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ ആരംഭിച്ചെങ്കിലും പള്ളിവക സ്ഥലം ഒഴിപ്പിക്കാനായില്ല.ഒല്ലൂര്‍ റോഡിലെ മറ്റ് കയ്യേറ്റങ്ങള്‍ എല്ലാം പി.ഡബ്ല്യു.ഡി അധികൃതര്‍ നീക്കം ചെയ്തു.
ഒല്ലൂര്‍ പള്ളിക്കുസമീപമുള്ള കപ്പേളയില്‍ മൂന്ന് മീറ്റര്‍ വീതിയില്‍ സ്ഥലം പുറംമ്പോക്ക് ഭൂമിയിലാണെന്ന് സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. പൊളിക്കാന്‍ നോട്ടീസും നല്‍കിയിരുന്നു.എന്നാല്‍ പൊളിക്കാന്‍ ചെല്ലുന്നതിന് മുമ്പ് സഭയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജില്ലാ കലക്ടര്‍ പൊളിക്കാന്‍ സാവധാനം നല്‍കിയിരിക്കുകയാണ്.
വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ഏവുപ്രാസാമ്മയുമായി ബന്ധപ്പെട്ട ചടങ്ങു നടക്കുന്ന ജനുവരി 10നുശേഷം കയ്യേറ്റം സ്വയം പൊളിച്ചുനീക്കി നല്‍കാമെന്നും അതുവരെ കയ്യേറ്റം പൊളിക്കരുതെന്നും കാണിച്ച് ഒല്ലൂര്‍ പള്ളി വികാരി ജില്ലകലക്ടര്‍ക്ക് നല്‍കിയ അപേക്ഷ പരിഗണിച്ചാണ് ഈ സ്ഥലം മാത്രം പൊളിച്ചുനീക്കുന്നത് തല്കാലം ഒഴിവാക്കിയത്.എന്നാല്‍ ഇതിന് പിന്നില്‍ ദുരുഹതയുണ്ടെന്നും ആരോപണമുണ്ട്.
വിശുദ്ധ ഏവുപ്രാസ്യമ്മയുടെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് മഠം,ചാപ്പല്‍ തീര്‍ത്ഥകേന്ദമാക്കുന്നതിന്റെ ഭാഗമായി ഒല്ലൂരിലെ വികസനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സര്‍വ്വേ നടത്തി കയ്യേറ്റങ്ങള്‍ നീക്കം അധികൃതര്‍ ഏറ്റെടുത്തത്. 45 കയ്യേറ്റങ്ങള്‍ കണ്ടെത്തിയതില്‍ നാല് കയ്യേറ്റങ്ങള്‍ കഴിഞ്ഞ ദിവസം തന്നെ ജെ.സി.ബി ഉപയോഗിച്ച് പി.ഡബ്ല്യു.ഡി അധികൃതര്‍ പൊളിച്ചുനീക്കിയിരുന്നു.
ഇതേ തുടര്‍ന്ന് മിക്കവാറും എല്ലാ കയ്യേറ്റക്കാരും സ്വയം കയ്യേറ്റങ്ങള്‍ പൊളിക്കാന്‍ സന്നദ്ധരായി പൊളിച്ചുനീക്കല്‍ നടപടിയിലായിരുന്നു.
. സ്വയം പൊളിച്ചുനീക്കാന്‍ തയ്യാറാകാതെ, കയ്യേറ്റം നീക്കുന്നതിനെ ചോദ്യം ചെയ്ത മൂന്ന്‌പേരുടെ സ്ഥലം മാത്രം ഇന്നലെ് എഞ്ചിനീയര്‍മാരെത്തി ജി.സി.ബി ഉപയോഗിച്ച് ഇടിച്ചുനിരത്തി. മറ്റുള്ളവരെല്ലാം സ്വയം പൊളിച്ച നീക്കം നടത്തി വരുന്നുണ്ട്. പി.ഡബ്ല്യു.ഡി അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രോംജിലാല്‍, അസി.എഞ്ചിനീയര്‍ സജിത് എന്നിവര്‍ നേതൃത്വം നല്‍കി. സര്‍വ്വേ നടത്തിയതില്‍ അപാകതയുണ്ടെന്ന ആരോപണവിധേയമായ ഒല്ലൂര്‍ സെന്ററില്‍ വീണ്ടും സര്‍വ്വേ നടത്തി കയ്യേറ്റക്കാരുണ്ടെങ്കില്‍ ഒഴിവാക്കുമെന്ന് ജില്ലകലക്ടര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
















