ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ക്കും വിവിധ മേഖലകളിലെ വിദഗ്ധര്‍ക്കും എല്ലാം നിര്‍ണ്ണായക പങ്കുള്ള പുതിയ സംവിധാനത്തിന് നരേന്ദ്ര മോദി സര്‍ക്കാര്‍ രൂപം നല്കി. നാഷണല്‍ ഇന്സ്റ്റിറ്റിയൂഷന് ഫോര്‍ ട്രാന്‍സ്ഫോമിംഗ് ഇന്ത്യ (എന്‍ഐടിഐ-നിതി) ആയോഗ് (ദേശീയ ഭാരത പരിവര്‍ത്തന സ്ഥാപന കമ്മീഷന്) എന്നാണ് ആസൂത്രണക്കമ്മീഷനു പകരമുള്ള സംവിധാനത്തിന്റെ പേര്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഇതോടെ, കാലഹരണപ്പെട്ട ആസൂത്രണകമ്മീഷന് ഇനി ചരിത്ര രേഖകളില്‍ മാത്രം.
പ്രധാനമന്ത്രി തന്നെയായിരിക്കും ചെയര്മാന്. ഗവേണിംഗ് കൗണ്‍സിലില്‍ എല്ലാ മുഖ്യമന്ത്രിമാരും കേന്ദ്രഭരണപ്രദേശങ്ങളിലെ ലഫ്റ്റനന്റ് ഗവര്ണ്ണമാരുമുണ്ടാകും. ആയോഗിന് പ്രാദേശിക കൗണ്‍സിലുകളും രൂപീകരിക്കും.
നിതി ആയോഗില്‍ സംസ്ഥാനങ്ങള്‍ക്ക് വലിയ പങ്കാണ് ലഭിക്കുക. മൊത്തം അംഗങ്ങളില്‍ പകുതിപ്പേരും സംസ്ഥാനങ്ങളുടെ പ്രതിനിധികളാകും. ഇത് സംസ്ഥാനങ്ങള്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ആയോഗില്‍ എട്ടു മുതല്‍ പത്തുവരെ സ്ഥിരാംഗങ്ങളുണ്ടായിരിക്കും. ഔദ്യോഗികാംഗങ്ങളായി നാലുകേന്ദ്രമന്ത്രിമാരുണ്ടാകും. സാമ്പത്തിക, പരിസ്ഥിതി, എന്‍ജിനീയറിംഗ് വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍, അതത് മേഖലകളിലെ പണ്ഡിതന്മാര് എന്നിവര്‍ കമ്മീഷനിലെ പ്രത്യേക ക്ഷണിതാക്കളായിരിക്കും. കമ്മീഷന് വൈസ് ചെയര്‍മാനുണ്ടാകും.
മുഴുവന്‍ സമയാംഗങ്ങള്, പാര്‍ട്ട് ടൈം അംഗങ്ങള്‍ (യൂണിവേഴ്സിറ്റികളിലെ ഗവേഷകര്‍), സെക്രട്ടറി റാങ്കിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, സെക്രട്ടറിയേറ്റ് എന്നിവയുമുണ്ടാകും.
സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തന ദിശയും എല്ലാം രൂപപ്പെടുത്തുന്ന ചിന്തന്‍ വേദി കൂടിയാകും ഇത്. സുപ്രധാന വിഷയങ്ങളില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാങ്കേതികവും തന്ത്രപരവുമായ ഉപദേശങ്ങള്‍ നല്‍കുക, സാമ്പത്തികകാര്യങ്ങളില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കുക, രാജ്യത്തും അന്യരാജ്യങ്ങളിലുമുള്ള നല്ല നടപടിക്രമങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പകര്‍ന്നു നല്‍കുക, നയപരമായ പുതിയ ആശയങ്ങള്‍ കൈമാറുക, പ്രശ്നാധിഷ്ഠിത പിന്തുണ നല്‍കുക തുടങ്ങിയവയാകും കമ്മീഷന്റെ സുപ്രധാന ചുമതലകള്‍.
സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക വിഹിതം അനുവദിക്കുന്ന രീതിയും പൊളിച്ചെഴുതിയിട്ടുണ്ട്. ആസൂത്രണ കമ്മീഷന് സംസ്ഥാനങ്ങള്‍ക്ക് മേഖലകള്‍ തിരിച്ച് ബജറ്റ് വിഹിതം നല്‍കുകയായിരുന്നു ഇതുവരെ ചെയ്തിരുന്നത്. സംസ്ഥാനങ്ങള്‍ അവതരിപ്പിക്കുന്ന പദ്ധതികള്‍ ഇനിമേല്‍ പുതിയ സമിതി പരിശോധിച്ച് വിലയിരുത്തും. ഇതിന് പണം അനുവദിക്കുന്നതിലും അത് വിനിയോഗിക്കുന്നതിലും സമിതിയുടെ നിരീക്ഷണം വരും. കേന്ദ്രം അനുവദിക്കുന്ന തുക മുഴുവനും ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. വേണ്ടിവന്നാല്‍ പദ്ധതികള്‍ക്ക് മാറ്റം വരുത്താന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്യും.
ആസൂത്രണ കമ്മീഷന് ഘടന ഉടച്ചു വാര്ക്കുന്നതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം നടന്ന് മൂന്നാഴ്ചയ്ക്കു ശേഷമാണ് കമ്മീഷന്റെ പേരു മാറ്റിയത്. ആസൂത്രണകമ്മീഷന് സെക്രട്ടറി സിന്ദു ഖുല്ലാര്‍ സമര്‍പ്പിച്ച മാര്‍ഗ്ഗരേഖയുടെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്തുന്നത്.
65 വര്‍ഷം മുമ്പ് ജവഹര്‍ലാല്‍ നെഹ്റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് രൂപീകരിച്ചതാണ് ആസൂത്രണക്കമ്മീഷന്. കാലപ്പഴക്കം ചെന്ന ആസൂത്രണ കമ്മീഷന് കാലികമായി നവീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രേമോദി സ്വാതന്ത്ര്യദിന പ്രസംഗത്തിലും പിന്നീട് സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗത്തിലും അറിയിച്ചിരുന്നു.
കഴിഞ്ഞ 65 കൊല്ലം കൊണ്ട് ഭാരതത്തിന് വലിയ മാറ്റങ്ങളാണ് വന്നിട്ടുള്ളത്. ഇതിന് അനുസൃതമായ മാറ്റങ്ങളാണ് ആസൂത്രണങ്ങളിലും വേണ്ടത്. പുതിയ കമ്മീഷന് രൂപീകരിച്ചുള്ള പ്രമേയത്തില്‍ പറയുന്നു.
















