സ്‌കൂള്‍ കുട്ടികളും അദ്ധ്യാപകരും മണ്ണ് ചുംബിച്ച് പുതുവത്സരത്തെ വരവേല്‍ക്കുന്നു
മുഹമ്മ: പുതുവത്സര ദിനാഘോഷത്തോട് അനുബന്ധിച്ച് തമ്പകച്ചുവട് യുപി സ്‌കൂളില്‍ ചുംബന സമരം നടന്നു. സ്‌കൂളിലെ കുട്ടികളും അദ്ധ്യാപകരും മാനേജ്‌മെന്റ് ഭാരവാഹികളും ചേര്‍ന്ന് കൈയിലെടുത്ത മണ്ണിനെ ചുംബിച്ചാണ് വേറിട്ട ചുംബന സമരം അരങ്ങേറിയത്. വളങ്ങള്‍ പുറത്തുവിടുന്ന വിഷത്തിന് മണ്ണിനെ വിട്ടുകൊടുക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് സ്‌കൂള്‍ മൈതാനിയില്‍ ഒത്തുകൂടിയ കുട്ടികളും അദ്ധ്യാപകരും എസ്എംസി അംഗങ്ങളും കൈയിലൊരുപടി മണ്ണെടുത്ത് ചുംബിച്ചുകൊണ്ടാണ് പുത്തന്‍ സമരമുറ അരങ്ങേറിയത്.
മണ്ണിന്റെ ഗാനം പാടി പുന്നപ്ര ജ്യോതികുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എംഎസി ചെയര്‍മാന്‍ ദിലീപ് അദ്ധ്യക്ഷത വഹിച്ചു. മുന്‍ എസ്എംസി ചെയര്‍മാന്‍ രാജീവ്, വാര്‍ഡംഗം ഷീലാ ചന്ദ്രബോസ്, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ അഫ്‌സല്‍, അണ്ണാദുരൈ എന്നിവര്‍ സംസാരിച്ചു. എച്ച്എം: പി.ജി. വേണു സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അനിതകുമാരി നന്ദിയും പറഞ്ഞു. പരിപാടികള്‍ക്ക് ജോസ് ആലപ്പുഴ നേതൃത്വം നല്‍കി.
















