ന്യൂദല്‍ഹി: ഒരുദിവസം പാക്കിസ്ഥാന്‍ ശരിയായ മാര്‍ഗത്തില്‍ എത്തിച്ചേരുമെന്ന് തനിക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ജമ്മു കാശ്മീരിലെ സാംബാ സെക്ടറില്‍ പാക്കിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തെക്കുറിച്ച് ഇരുരാജ്യങ്ങളിലെയും നയതന്ത്രവിദഗ്ധര്‍ നടത്തിവരുന്ന ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക്കിസ്ഥാന്‍ ഒരിക്കലും ഇത്തരുണത്തില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. നയതന്ത്രവിദഗ്ധരുടെ ചര്‍ച്ചകള്‍ക്ക് ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ രാത്രിയില്‍ സാംബാ സെക്ടറിലെ 15 ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ഏതാണ്ട് അര്‍ധരാത്രിയോടെയാണ് വെടിവയ്‌പ്പ് ആരംഭിച്ചത്.
ബിഎസ്എഫ് നടത്തിയ പ്രത്യാക്രമണത്തില്‍ നാല് പാക് സൈനികര്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവയ്‌പ്പില്‍ ഒരു ബിഎസ്എഫ് ജവാന്റെ ജീവന്‍ നഷ്ടമായതിനെക്കുറിച്ച് പാക്കിസ്ഥാന് മിണ്ടാട്ടമില്ലായിരുന്നു.
















