80. ലീലാസൃഷ്ടബ്രഹ്മാണ്ഡമണ്ഡലാ – ലളിതാസഹസ്രനാമത്തിനു ഭാഷ്യം രചിച്ച ഭാസ്‌കരരായവര്‍ ദേവിയുടെ ഈ ലീലയെ ‘ഉദാലക പുഷ്പഭഞ്ജികാ’ എന്നാണ് വിശേഷിപ്പിക്കുന്നത്. പെണ്‍കുട്ടികള്‍ ഒറ്റയ്‌ക്കിരുന്നു കളിക്കുന്ന ഒരു കളിയാണ് ഉദാലകപുഷ്പഭഞ്ജിക. കുട്ടി കുറെ പൂവും ഇലയും മണ്ണുമൊക്കെ ശേഖരിച്ചു അവയെ ദേവന്മാരും മനുഷ്യരും മൃഗങ്ങളും പക്ഷികളും മറ്റുമായി സങ്കല്‍പിച്ച് മണ്ണ് പരത്തിയുണ്ടാക്കിയ സാങ്കല്‍പികസാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയും രാജാവും മന്ത്രിയും മറ്റു പലതുമായി കല്പിച്ചു കളിക്കുന്നു.
മഹായുദ്ധവും പ്രകൃതിക്ഷോഭവും മരണവും ജനനവുമൊക്കെ ഈ കൊച്ചു മഹാസാമ്രാജ്യത്തില്‍ നടക്കുന്നതായി ഭാവന ചെയ്തു കുറേനേരം കളിക്കും. മുഷിയുമ്പോള്‍ ആ സാമ്രാജ്യത്തെ തട്ടിത്തകര്‍ത്തിട്ട് എഴുന്നേറ്റു പോകും. കുറെനേരംകഴിഞ്ഞ് ഇതുപോലെ മറ്റൊരു കളി കളിച്ചെന്നും വരും. ദേവിയുടെ ഈ ലീലയുടെ ഭാഗമായി അനേകം ബ്രഹ്മാണ്ഡമണ്ഡലങ്ങള്‍ ഉണ്ടാകുന്നു. അല്പകാലം നിലനില്‍ക്കുന്നു, നശിക്കുന്നു. ഈ പ്രക്രിയ പലരീതിയില്‍ വീണ്ടും വീണ്ടും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.
…. തുടരും
















